കുട്ടികളുടെ അവകാശങ്ങൾ ചർച്ച ചെയ്ത് കണ്ണൂർ ജില്ലാ ബാല പാർലമെന്റ് സംഘടിപ്പിച്ചു

Kannur District Child Parliament organized to discuss children's rights.

കണ്ണൂർ: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടന്ന ബാല പാർലിമെന്റ് സമാപിച്ചു. ബിഎസ്എൻഎൽ ഹാളിൽ നടന്ന സമാപന പരിപാടി അഡ്വ. ടി ഒ മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടികൾ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് താൽപര്യമുള്ള മേഖലകളിൽ പ്രവർത്തിക്കുകയും കഴിവുകൾ കൂടുതൽ വികസിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം ജനാധിപത്യത്തെക്കുറിച്ച് വ്യക്തമായ അവബോധം വളർത്തിയെടുക്കുകയും വേണമെന്ന് എം.എൽ.എ പറഞ്ഞു.

ഇൻസ്‌പെയർ മനക് അവാർഡ് ജേതാവും കല്യാശ്ശേരി കെ.പി.ആർ. ഗോപാലൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയുമായ പി. വി ശിവനന്ദ് തയ്യാറാക്കിയ സ്മാർട്ട് വോട്ടിംഗ് മെഷീനും പരിപാടിയിൽ പരിചയപ്പെടുത്തി.ജില്ലയിലെ 81 സിഡിഎസ്സുകളിലെ ബാലപഞ്ചായത്തുകളിൽ നിന്നുള്ള പ്രസിഡണ്ടുമാരും സെക്രട്ടറിമാരും ബാലപാർലിമെന്റിൽ പങ്കെടുത്തു. കളിസ്ഥലം, റോഡ് വികസനം, ലഹരി ഉപയോഗം, പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ വർധനവ് തുടങ്ങിയ വിഷയങ്ങളും ആരോഗ്യപരിരക്ഷ പദ്ധതികൾ, ശുചിത്വം, വയോജന ക്ഷേമ പ്രവർത്തനങ്ങൾ, കല കായിക സാംസ്‌കാരിക വിനോദ വിജ്ഞാന പരിപാടികൾ, ബാലസൗഹൃദ പഞ്ചായത്ത്, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളും ബാല പാർലിമെന്റിൽ പ്രധാന ചർച്ച വിഷയമായി.

കുട്ടികളിൽ പൗരത്വബോധം വളർത്തുക, പാർലമെന്ററി സംവിധാനവും അതിന്റെ പ്രവർത്തനങ്ങളും പരിചയപ്പെടുത്തുക, കുട്ടികളുടെ പ്രശ്‌നങ്ങളും അവകാശങ്ങളും ഭരണശ്രദ്ധയിൽ കൊണ്ടുവരുക എന്ന ലക്ഷ്യവുമായാണ് ബാല പാർലിമെന്റ് സംഘടിപ്പിച്ചത്.രാഷ്ട്രപതിയായി അൻവി സുരേഷ്, സ്പീക്കറായി സാൻവിയ, പ്രതിപക്ഷ നേതാവായി തേജസ് വിനോദ്, മന്ത്രിമാരായി പ്രകീർത്ത് തേജസ്വിനി, നാഫിയ, ദേവാമൃത, നിവേദ്യ, ഫാത്തിമത്ത്  സജ്‌ല, കൃഷ്ണപ്രിയ, അയാൻ തുടങ്ങിയവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത 11 പേർ ജില്ലയെ പ്രതിനിധീകരിച്ച് ഡിസംബർ അവസാന വാരം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ബാല പാർലമെന്റിൽ പങ്കെടുക്കും.

പരിപാടിയിൽ കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ രാഹുൽ  അദ്ധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ സി ഡി എസ് ചെയർപേഴ്സൺ കെ നിർമ്മല, ബാലസഭ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സൺ സി വിനോദ്, ബാലസഭ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സൺമാരായ ടി വി യശോദ, അബ്ദുൾ റഹീം, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി വിനേഷ് എന്നിവർ സംസാരിച്ചു.

Tags