കണ്ണൂർ ദസറ മനുഷ്യരെ ചേർത്ത് നിർത്തുന്ന ആഘോഷം: നജീബ് കാന്തപുരം എം എൽ എ

Kannur dasara is a celebration that brings people together Najeeb Kanthapuram MLA

കണ്ണൂർ : ഇന്നത്തെ കാലത്ത് മനുഷ്യർ വ്യക്തി താല്പര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി സാമൂഹിക താല്പര്യങ്ങളെ അവഗണിക്കുകയാണെന്നും രാഷ്ട്രീയത്തിൽ പ്രാധാന്യം മനുഷ്യപ്പറ്റിനായിരിക്കണമെന്നും അത് കൊണ്ടാണ് ഗാസയിലെ കുഞ്ഞുങ്ങൾ  പട്ടിണി കിടക്കുമ്പോൾ അവരെ ഓർത്ത്  തനിക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്ന് ലീലാവതി ടീച്ചർക്ക് പറയാൻ കഴിയുന്നതെന്നും, ഗാസയോട് ലോകം ഐക്യപ്പെടുന്നതെന്നും കരൂരിലെ ദുരന്തത്തിൽ കണ്ണൂരിലെ ജനങ്ങൾ ആദരാഞ്ജലി അർപ്പിച്ച് കൊണ്ട് മൗനമാചരിക്കുന്നതെന്നും,  എ ഐ ടെക്‌നോളജിയുടെ കാലത്ത് യന്ത്രങ്ങൾ മനുഷ്യരെ നയിക്കുമ്പോൾ നഷ്ടപ്പെടുന്നത് ഇത്തരത്തിലുള്ള കാരുണ്യമാണെന്നും മനുഷ്യരെ വേർതിരിക്കാൻ വെറുപ്പിൻ്റെ ക്യാമ്പയിനുകൾ നടക്കുന്ന കാലത്ത് മനുഷ്യപ്പറ്റിലേക്ക് ജനങ്ങളെ നയിക്കാൻ സർഗാത്മകതക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും കണ്ണൂർ ദസറ മനുഷ്യരെ ചേർത്ത് നിർത്തുന്ന ആഘോഷമാണെന്നും   നജീബ് കാന്തപുരം എം എൽ എ പറഞ്ഞു.

കണ്ണൂർ ദസറയുടെ ആറാം ദിനത്തിലെ സാംസ്കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രശസ്ത  എഴുത്തുകാരൻ താഹ മാടായി വിശിഷ്ടാതിഥിയായിരുന്നു. സ്നേഹത്തിൻ്റെ സ്വയം പ്രകാശിക്കുന്ന മൺചെരാതുകളായി എല്ലാവരും മാറണം എന്നും ദസറയുടെ ഈ വേദി മൈത്രിയുടെ മഹാ സഭയാണ്, ഇവിടെയായിരിക്കും  ദൈവം ഏറ്റവും  സന്തോഷവാനായിരിക്കുക യെന്നും താഹമാടായി പറഞ്ഞു.കരൂർ ദുരന്തത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് എല്ലാവരും എഴുന്നേറ്റ് നിന്ന് മൗന പ്രാർത്ഥന നടത്തിക്കൊണ്ട് ആരംഭിച്ച പരിപാടിയിൽ 
 നഗരസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സയ്യിദ് സിയാദ് തങ്ങൾ അധ്യക്ഷത വഹിച്ചു.

സിനിമാ താരം  ആസിഫ് അലി, കിയാൽ ഡയറക്ടർ ഡോ എം പി ഹസ്സൻ കുഞ്ഞി, കൗൺസിലർമാരായ ടി രവീന്ദ്രൻ, എം ശകുന്തള,കെ നിർമ്മല,കെ വി സവിത,മിനി അനിൽകുമാർ, അസറ്റ് ഹോം ജനറൽ മാനേജർ പ്രശാന്ത് ആലിങ്കീൽ ,കെടി സഹദുള്ള (ഐ.യു.എം.എൽ), കട്ടേരി നാരായണൻ (ഐ.എൻ.സി),കെ പി പ്രശാന്ത് (അർ ജെ ഡി), മുരളികൃഷ്ണ‌ൻ കെ.പി (റസിഡൻസ് അസോസിയേഷൻ), പി വി രാജേഷ് (സി.ഐ.ടി.യു) എന്നിവർ സംസാരിച്ചു.

തുടർന്ന് കലാഞ്ജലി നൃത്ത വിദ്യാലയ ഭരതനാട്യം, താളം കണ്ണൂരിൻറെ തിരുവാതിര, തനിഷ്‌കയും സുബിൻ മോഹനും അവതരിപ്പിച്ച  ഭരതനാട്യം , സീതാലക്ഷ്മി പി രാജിൻറെ നൃത്തശില്പം  എന്നിവക്ക് ശേഷം അജയ് ഗോപാൽ നയിച്ച ഗാനമേളയും അരങ്ങേറി.ഏഴാം ദിനമായ നാളെ സാംസ്കാരിക സമ്മേളനം പി സന്തോഷ് കുമാർ എം പി ഉദ്‌ഘാടനം നിർവഹിക്കും.

പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, ഐ ഡി ബി ഐ ജനറൽ മാനേജർ എം സി സുനിൽകുമാർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.തുടർന്ന് സംഗീത കലാക്ഷേത്ര തളാപ്പിൻ്റെ നൃത്ത സന്ധ്യ , ഡോ ലത ബിജുവിൻ്റെ സംഗീത വിരുന്ന്,  ആർ അനോഖിയുടെ ഭരതനാട്യം കോർപറേഷൻ കൗൺസിലർമാരും ജീവനക്കാരും  അവതരിപ്പിക്കുന്ന ഡാൻഡിയ, വിഘ്നേശ്വര ഡാൻസ് ടീമിൻ്റെഫ്യൂഷൻ ഡാൻസ് എന്നിവയും ശേഷം പ്രശസ്ത ഗസൽ ഗായകരായ ബിൻസിയും ഇമാമും അവതരിപ്പിക്കുന്ന സോങ്‌സ് ഓഫ് സോൾ ആൻഡ് സോയിൽ പരിപാടിയും അരങ്ങേറും

Tags