കണ്ണൂർ ദസറ കേരളത്തെ കണ്ണൂരിൻറെ പ്രാധാന്യം വിളിച്ചറിയിക്കുന്ന മഹത്തായ ഉത്സവമായി മാറി :സജീവ് ജോസഫ് എം എൽ എ
കണ്ണൂർ: സന്തോഷത്തിൻ്റെയും വിജയത്തിൻ്റെയും പ്രകാശത്തിൻ്റെയും ഉത്സവമായ കണ്ണൂർ ദസറ കേരളത്തെ കണ്ണൂരിൻറെ പ്രാധാന്യം വിളിച്ചറിയിക്കുന്ന മഹത്തായ ഉത്സവമായി മാറിയിരിക്കുകയാണെന്നും കേരളത്തിലെ ഏറ്റവും വലിയ ദസറ ആഘോഷമാക്കി കണ്ണൂരിനെ മാറ്റി മറിച്ച് പുതിയ തലമുറക്ക് ഐതിഹ്യങ്ങൾ മാത്രമല്ല തിന്മയെ കീഴടക്കി നന്മ വിജയിക്കേണ്ട ആവശ്യകത, നന്മയെ കുറിച്ച് പറഞ്ഞു കൊടുക്കേണ്ട വലിയ അവസരവുമാണ് കണ്ണൂർ ദസറ യെന്ന് കണ്ണൂർ ദസറയുടെ ആറാം ദിവസത്തെ സാംസ്കാരിക സമ്മേളനത്തിൻറെ ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് സജീവ് ജോസഫ് എം എൽ എ പറഞ്ഞു .
നഗരസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഷമീമ ടീച്ചർ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഉമേശൻ കണിയാങ്കണ്ടി സ്വാഗതം പറഞ്ഞു. മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസ് വിശിഷ്ടാതിഥി ആയി. ചടങ്ങിൽ സി വി രവീന്ദ്രനാഥിന് ആദരവ് നൽകി. സി വി രവീന്ദ്ര നാഥിന് വേണ്ടി മകൾ ശുഭ രവീന്ദ്രനാഥ് ഉപഹാരം ഏറ്റു വാങ്ങി.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബി എ നാരായണൻ, കെ ഷബീന ടീച്ചർ , ഒ കെ വിനീഷ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധി ജയപ്രകാശൻ ബി കെ , വ്യാപാരി വ്യവസായി സമിതി പ്രതിനിധി സി മനോഹരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേയർ പി ഇന്ദിര, കൗൺസിലർമാരായ പി കെ പ്രീത , കെ സുമ, കെ സരസ്വതി ടീച്ചർ, വർക്കേഴ്സ് കോൺഗ്രസ് പ്രതിനിധി മനോജ് കെപി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൗൺസിലർ എ അർഷാദ് ചടങ്ങിന് നന്ദി പറഞ്ഞു.
തുടർന്ന് സാധിക രത്നേഷ്, അഭിരാമി ടി, ആദ്യ നിധിൻ എന്നിവർ അവതരിപ്പിച്ച വയലിൻ കച്ചേരി, അദ്വിക കൃഷ്ണൻ അവതരിപ്പിച്ച ഭരതനാട്യം, ടീം റോക്സ്റ്റാർ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, ശ്രീസായി കലാകേന്ദ്രം അവതരിപ്പിച്ച സ്കിറ്റ്, കണ്ണൂർ കോർപ്പറേഷൻ ജീവനക്കാർ അവതരിപ്പിച്ച ഡാൻഡിയ നൃത്തം, തേജസ്വി അജിത്ത് അവതരിപ്പിച്ച മോഹിനിയാട്ടം, ജ്യോതിക പ്രകാശ് അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ്, നൈനിക ദീപക് അവതരിപ്പിച്ച കുച്ചുപ്പുടി എന്നിവയ്ക്ക് ശേഷം പ്രശസ്ത മ്യൂസിക് ബാൻഡായ മസാല കോഫി മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടിയും അരങ്ങേറി.കേരളീയ നാടോടി സംഗീതത്തെയും (Folk) ആധുനിക റോക്ക്, ബ്ലൂസ്, പോപ്പ് സംഗീത ശാഖകളെയും സമന്വയിപ്പിച്ചുള്ള ഫോക്ക്-ഫ്യൂഷൻ ശൈലിയിലുള്ള മസാല കോഫി മ്യൂസിക് ബാൻഡിന്റെ പ്രോഗ്രാം ദസറ വേദിയെ അക്ഷരാർത്ഥത്തിൽ ഇളക്കി മറിച്ചു.
.jpg)


