കണ്ണൂർ കോർപ്പറേഷനുള്ള പദ്ധതി വിഹിതത്തിൽ വർദ്ധനവ് വേണം : മേയർ


കണ്ണൂർ : കണ്ണൂർ കോർപ്പറേഷന് സംസ്ഥാന സർക്കാർ അനുവദിക്കുന്ന പദ്ധതി വിഹിതത്തിൽ വർദ്ധനവ് വരുത്തണമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ 2025-26 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുതായി രൂപീകരിക്കപ്പെട്ട കോർപ്പറേഷൻ എന്ന നിലയിൽ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ തന്നെ ധാരാളം പൂർത്തീകരിക്കാനുണ്ട്. പഞ്ചായത്തുകളെ സംയോജിപ്പിച്ച് രൂപീകരിച്ചതിനാൽ ഈ പ്രദേശങ്ങളിൽ കൂടി വികസന പദ്ധതികൾ നടപ്പാക്കേണ്ടതുണ്ട്. ലഭ്യമാകുന്ന ഫണ്ടിൻ്റെ ഭൂരിഭാഗവും മരാമത്ത് മേഖലയിലാണ് ചെലവാക്കുന്നത്.

നിലവിലുള്ള റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും പുതിയത് നിർമ്മിക്കുന്നതിനും മുൻഗണന നൽകി ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നത് എന്നും മേയർ കൂട്ടി ചേർത്തു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ രാഗേഷ് പദ്ധതി രേഖ അവതരിപ്പിച്ചു.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.പി. രാജേഷ്, വി.കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ , സുരേഷ് ബാബു എളയാവൂർ, ഷാഹിന മൊയ്തീൻ കൗൺസിലർമാരായ എൻ സുകന്യ, എൻ ഉഷ, വി.കെ. ഷൈജു, കെ.പി അബ്ദുൽ റസാഖ്, കൂക്കിരി രാജേഷ്, ആസൂത്രണ സമിതി അംഗങ്ങളായ സി.കെ വിനോദ്, കെ.വി ചന്ദ്രൻ, കെ.പി.എ സലീം , കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, പ്ലാനിംഗ് റിസോഴ്സ് പേഴ്സൺ പി.പി. കൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് വർക്കിംഗ് ഗ്രൂപ്പ് ചർച്ചയും ക്രോഡീകരണവും നടത്തുകയുണ്ടായി.