കണ്ണൂർ കോർപറേഷനിൽ ഇത്തവണ പോരിനിറങ്ങാൻ പി.കെ രാഗേഷിൻ്റെ വിമത വിഭാഗവും: കോൺഗ്രസിൽ ആശങ്കയേറുന്നു

Kannur Corporation Council meeting: Opposition alleges irregularities in ring compost distribution


കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണ മത്സരിക്കാൻ പി കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള രാജീവ് കൾച്ചറൽ ഫോറവും . യു ഡി എഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനാണ് നിലവിൽ പി കെ രാഗേഷ്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായാണ് പി കെ രാഗേഷ് മത്സരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ കാലമായി യു ഡി എഫ് വിരുദ്ധ നിലപാടാണ് അദ്ദേഹം കൗൺസിലിൽ ഉൾപ്പെടെ സ്വീകരിക്കുന്നത്. പള്ളിക്കുന്ന് ബാങ്ക് തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ചതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. 

ഇതെ തുടർന്ന് കൗൺസിലിൽ യു ഡി എഫ് നേതൃത്വത്തിനെതിരെ പലപ്പോഴും പ്രതിപക്ഷ ശബ്ദമായി അദ്ദേഹം മാറാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന രാജീവ് കൾച്ചറൽ നേതൃ യോഗമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനമെടുത്തത്. മുഴുവൻ സീറ്റുകളിലും മത്സരിക്കാനാണ് തീരുമാനം. അടുത്ത മാസം സംഘടനയുടെ വിശാലമായ കൺവെൻഷൻ വിളിച്ച് ചേർത്താകും പ്രഖ്യാപനം നടത്തുക.   കോൺഗ്രസ് നേതൃത്വവുമായി അകന്ന് നിൽക്കുന്ന നേതാക്കളെയും പ്രവർത്തകരെയും ഫോറവുമായി സഹകരിപ്പിക്കുന്നതിനും അവരെ കൂടി കൺവെൻഷനിൽ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.2015 ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പി കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് വിമതർ മത്സരിക്കുകയും കോൺഗ്രസിന് പല സീറ്റുകളിലും ഭീഷണിയുയർത്തുകയും ചെയ്തിരുന്നു. പിന്നീട് പി കെ രാഗേഷിന്റെ പിൻബലത്തിലായിരുന്നു സി പി എമ്മിലെ ഇ പി ലത മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.

 അന്ന് ഡെപ്യൂട്ടി മേയർ പി കെ രാഗേഷായിരുന്നു.പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ നേതൃത്വത്തിൽ നടത്തിയ  ഒത്തു തീർപ്പ് ചർച്ചകളെ തുടർന്ന് പി കെ രാഗേഷ് കോൺഗ്രസിലേക്ക് മടങ്ങി വരികയും ഭരണം യു ഡി എഫിന് ലഭിക്കുകയുമായിരുന്നു. പിന്നീട് സുമാബാലകൃഷ്ണൻ മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പി കെ രാഗേഷ് ഡെപ്യൂട്ടി മേയറായി തുടർന്നു. ഇതെ തുടർന്ന് കോൺഗ്രസിനൊപ്പമായിരുന്നു പി കെ രാഗേഷിന്റെ നിലപാട്. 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ പി കെ രാഗേഷ് യു ഡി എഫിന് വേണ്ടി മത്സരിക്കുകയും ചെയ്തു. എന്നാൽ ഈ അടുപ്പം അധിക കാലം നില നിന്നില്ല. പള്ളിക്കുന്ന് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പ് വന്നതോടെ പാർട്ടിയെ വെല്ലുവിളിച്ച് പി കെ രാഗേഷ് പക്ഷം മത്സരിക്കുകയും ചെയ്തു.

ഇതോടെയാണ് പി കെ രാഗേഷ് വീണ്ടും വിമത കുപ്പായം അണിഞ്ഞത്. ഏതായാലും അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വെല്ലുവിളിയാകും പി കെ രാഗേഷ് പക്ഷത്തിന്റെ മത്സര തീരുമാനം. എല്ലാ സീറ്റുകളിലും മത്സരിക്കാനാണ് ആലോചനയെങ്കിലും തിരഞ്ഞെടുപ്പ് ധാരണയും പ്രതീക്ഷിക്കുന്നുണ്ട്. എൽ ഡി എഫ് പിന്തുണ തേടിയാൽ അവരുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനും സാധ്യതയുണ്ട്.ചില സീറ്റുകളിലെങ്കിലും കോൺഗ്രസിനെ വെള്ളം കുടിപ്പിക്കാനും സീറ്റ് നഷ്ടമാക്കാനും പി കെ രാഗേഷ് പക്ഷത്തിന് സാധിക്കും.എങ്ങിനെയും കോർപ്പറേഷൻ ഭരണം പിടിക്കാനുള്ള എൽ ഡി എഫിന് പി കെ രാഗേഷിന്റെ സഹകരണം സഹായകരമായേക്കും.നിലവിൽ അമ്പത്തിയഞ്ച് അംഗ കോർപ്പറേഷനിൽ യു ഡി എഫിന് 35 സീറ്റാണുള്ളത്. കോൺഗ്രസിന് പി കെ രാഗേഷ് ഉൾപ്പെടെ 21 ഉം ലീഗിന് 14 ഉം.  എൽ ഡി എഫിന് 19  സീറ്റാണുള്ളത്. ബി ജെ പിക്ക് ഒരംഗമുണ്ട്.
 

Tags