ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യനീക്കത്തിലെ ക്രമക്കേട്: കണ്ണൂർ കോർപറേഷൻ കാര്യാലയത്തിൽ വിജിലൻസ് റെയ്ഡ്


കണ്ണൂർ : കണ്ണൂർ കോർപറേഷൻ കാര്യാലയത്തിൽ വീണ്ടും വിജിലൻസ് പരിശോധന നടത്തി. കോർപറേഷനിലെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ലെഗസി മാലിന്യ ശേഖരം നീക്കം ചെയ്യുന്നതിൽ ക്രമക്കേടുണ്ടെന്ന് സി.ഐ. ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനു ശേഷം സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ മുൻ മേയർ ടി.ഒമോഹനനെതിരെ അഴിമതിയാരോപണവുമായി രംഗത്തുവന്നിരുന്നു. ഈ കാര്യത്തിൽ അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് നടന്ന കോർപറേഷൻ കൗൺസിൽ യോഗം എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിക്കുകയും ചെയ്തു. ആരോപണങ്ങൾ ഇപ്പോഴും പുകഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് വിജിലൻസ് റെയ്ഡ് നടക്കുന്നത്.
ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെയാണ് വിജിലൻസ് കണ്ണൂർ യൂനിറ്റ് സി.ഐ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്. വിജിലൻസ് സാമ്പത്തിക വിഭാഗവും അന്വേഷണത്തിൽ പങ്കെടുത്തു. എൻജിനിയറിങ്, റവന്യു, ആരോഗ്യ വിഭാഗം എന്നിവടങ്ങളിൽ നിന്നുള്ള ഫയലുകളാണ് പരിശോധിച്ചത്. ഏച്ചൂർ ട്രഞ്ചി ങ് ഗ്രൗണ്ടിലെ ബയോ മൈനിങ്ങുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചിട്ടുണ്ട്.
