കണ്ണൂർ കോർപറേഷൻ വരൾച്ചാ ബാധിത പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ കൗൺസിൽ യോഗ തീരുമാനം

Kannur Corporation Council meeting decides to provide drinking water to drought-affected areas

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ ആവശ്യമായ കുടിവെള്ളം എത്തിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗം. ഇതിനുള്ള ടെൻഡർ നടപടിക്രമങ്ങൾ ആരംഭിച്ചു. കുടിവെള്ള വിതരണത്തിന് കൗൺസിലർമാർ നേതൃത്വം നൽകണം. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങൾ അതാത് കൗൺസിലർമാർ റിപ്പോർട്ട് ചെയ്യണമെന്നും മേയർ പി ഇന്ദിര പറഞ്ഞു. വാട്ടർ അതോറിറ്റി കുടിവെള്ള പൈപ്പിലൂടെ കൃത്യമായ വെള്ളം ലഭിക്കാത്തതിനെ തുടർന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.വാർട്ടർ അതോറിറ്റിയുമായി ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്നും പറഞ്ഞു. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കൗൺസിലർമാർ അതാത് ഡിവിഷനുകളിൽ ആവശ്യമായ മുൻകരുതൽ എടുക്കണമെന്ന് മേയർ നിർദേശം നൽകി. 

ഓടകളിലെയും തോടുകളെയും മണ്ണും മാലിന്യവും നീക്കം ചെയ്യണം. തൊഴിലാളികളുടെ കുറവ് ഉണ്ടെങ്കിൽ പുറത്തുനിന്നും ഏർപ്പെടുത്തി പ്രവർത്തി പൂർത്തീകരിക്കണമെന്നും പറഞ്ഞു. നാഷണൽ ഹൈവേ പ്രദേശങ്ങളിൽ ഓടങ്ങൾ വൃത്തിയാക്കാൻ സാധിക്കാതെ മലിനജലം കെട്ടിക്കിടന്ന് ആളുകൾക്ക് ബുദ്ധിമുട്ടിലാക്കുന്നെണ്ടന്ന് കൗൺസിലർ ബാലൻ ചൂണ്ടിക്കാട്ടി. നാഷണൽ ഹൈവേ അതോറിറ്റിയുമായി ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് അറിയിച്ചു. മഴക്കാലത്തിനു മുമ്പായി റോഡ് അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു.

 40 മൈക്രോണന് താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകളും ഡിസ്‌പോസിബിൾ പ്ലേറ്റ്, ഗ്ലാസ് എന്നിവ കോർപ്പറേഷൻ പരിധിയിൽ ഉപയോഗിക്കുന്നത് കർശനമായി തടയും. വിവാഹ ആഘോഷ പരിപാടികളിൽ ഇവ ഉപയോഗിക്കരുത് എന്നും അറിയിച്ചു. യോഗത്തിൽ മുസ്‌ലിം ലീഗ് മുൻ ജില്ലാ പ്രസിഡണ്ടും  നഗരസഭ ചെയർമാനുമായ പി കുഞ്ഞഹമ്മദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഡെപ്യൂട്ടി മെയർ കെ .പി താഹിർ, ഉമേഷ് കണിയാങ്കണ്ടി, അനൂപ് ബാലൻ വി കെ പ്രകാശിനി ,കെ. സ്മീറ സംസാരിച്ചു.

Tags