ചിന്നമലയെ അനുസ്മരിച്ച് കണ്ണൂർ
കണ്ണൂർ : ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ വിറപ്പിച്ച ധീര ദേശാഭിമാനിയും സ്വാതന്ത്ര്യ സമര സേനാനിയുമായ
ധീരൻ ചിന്നമലയെ അനുസ്മരിച്ച് കണ്ണൂർ. ധീരൻ ചിന്നമലയുടെ ഇരുന്നൂറ്റിഇരുപതാം രക്തസാക്ഷിത്വ ദിനത്തിലാണ് കണ്ണൂരിൽ അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കാൻ അനുസ്മരണ യോഗം സംഘടിപ്പിച്ചത്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ടിപ്പുസുൽത്താനുമായി ചേർന്ന് യുദ്ധം ചെയ്യുകയും ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കനത്ത നാശനഷ്ടം ഉണ്ടാക്കുകയും ചെയ്ത ധീര ദേശാഭിമാനിയാണ് ധീരൻ ചിന്നമല. പാചകക്കാരൻ ഒറ്റുകൊടുത്തതിനെ തുടർന്ന് ബ്രിട്ടീഷുകാർ പിടികൂടി തൂക്കിക്കൊല്ലുകയായിരുന്നു.
നേതാജി പബ്ലിക് ഫൗണ്ടേഷന്റെയും വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കണ്ണൂരിലെ തമിഴ് സമൂഹത്തിന്റെ പിന്തുണയോടെ അനുസ്മരണ യോഗം സംഘടിപ്പിച്ചത്. അനുസ്മരണ യോഗം ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ചെയർമാൻ പ്രദീപൻ തൈക്കണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.
നേതാജി പബ്ലിക് ഫൗണ്ടേഷൻ ചെയർമാൻ തെങ്കാശി കറുപ്പ് സ്വാമി അധ്യക്ഷത വഹിച്ചു.ടി വി നിയാസ്, കെ രാഘവൻ, എസ് ജയ്സൺ ഗോഡ് വിൻ തുടങ്ങിയവർ സംസാരിച്ചു. ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരുന്നു.
.jpg)


