മദ്യപിച്ച് വാഹനമോടിച്ചവർക്കെതിരെ കണ്ണൂർ സിറ്റി പൊലീസിന്റെ വൻ നടപടി: സ്പെഷ്യൽ ഡ്രൈവിൽ 111 കേസുകൾ രജിസ്റ്റർ ചെയ്തു
കണ്ണൂർ: റോഡപകടങ്ങൾ തടയുന്നതിനും ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനുമായി കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ ശക്തമായ പരിശോധന നടത്തി. ഒക്ടോബർ 14 മുതൽ ഒക്ടോബർ 16 രാവിലെ വരെ നടത്തിയ പ്രത്യേക പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ആകെ 111 കേസുകൾ രജിസ്റ്റർ ചെയ്തു.കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഒക്ടോബർ 14 മുതൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ മറ്റ് നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിന് 30 കേസുകളും, റോഡുകളിലും ഹൈവേകളിലും ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്തതിന് 124 കേസുകളും പൊലീസെടുത്തു. കൂടാതെ മറ്റ് മോട്ടോർ വാഹന നിയമലംഘനങ്ങൾക്കായി 618 കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമലംഘനം നടത്തിയ 88 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സംഭവങ്ങളുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഒക്ടോബർ 14-ന് നടത്തിയ ആദ്യഘട്ട പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 64 കേസുകൾ രജിസ്റ്റർ ചെയ്യുകയും 55 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഒക്ടോബർ 15 രാവിലെ മുതൽ ഒക്ടോബർ 16 രാവിലെ വരെ നടത്തിയ രണ്ടാം ഘട്ട ഡ്രൈവിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 47 കേസുകൾ രജിസ്റ്റർ ചെയ്യുകയും 33 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും 7 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും ഒന്നിലധികം തവണ നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുന്നതോടൊപ്പം ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്തിനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
.jpg)


