കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ നടത്തി; 53 വാറൻഡ് പ്രതികൾ പിടിയിൽ
കണ്ണൂർ: ക്രമസമാധാന നില തകർക്കുന്നവർക്കും ലഹരി മാഫിയകൾക്കുമെതിരെ നടപടികൾ ശക്തമാക്കി കണ്ണൂർ സിറ്റി പോലീസ്. ജില്ലയിൽ പോലീസ് നടത്തിയ വിപുലമായ രാത്രികാല പ്രത്യേക പരിശോധനയിൽ (കോമ്പിങ് ഓപ്പറേഷൻ) വിവിധ കേസുകളിലായി 53 വാറന്റ് പ്രതികൾ പിടിയിലായി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നിർദ്ദേശപ്രകാരമായിരുന്നു കണ്ണൂർ സിറ്റി പോലീസ് ജില്ലാ പരിധിയിൽ മിന്നൽ പരിശോധന സംഘടിപ്പിച്ചത്.
വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായിl നടത്തിയ വ്യാപക പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് ആകെ 53 കേസുകളും, പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചതിന് 9 കേസുകളും, മയക്കുമരുന്നുമായി ബന്ധപ്പെട്ട് 18 കേസുകളും കണ്ടെത്തിയിട്ടുണ്ട്.
വാറണ്ട് നടപ്പിലാക്കലിന്റെ ഭാഗമായി 42 നോൺ ബെയിലാബിൾ വാറന്റുകളും 11 ലോങ്ങ് പെന്റിങ് വാറന്റുകളും വിവിധ സ്റ്റേഷനുകൾ വഴി നടപ്പിലാക്കി. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് ഒളിവിലായിരുന്ന 3 പേരെ അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
.jpg)

