റിട്ടയേർഡ് ബാങ്ക് മാനേജറെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് പണം തട്ടാൻ ശ്രമം ; തട്ടിപ്പ് പൊളിച്ച് കണ്ണൂർ സിറ്റി സൈബർ പോലീസ്

Attempt to extort money by 'digitally arresting' retired bank manager; Kannur City Cyber ​​Police broke the scam

 കണ്ണൂർ: ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന റിട്ടയേർഡ് ബാങ്ക് മാനേജറെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്ത് പണം തട്ടാനുള്ള നീക്കം തോട്ടട സ്വദേശിയായ റിട്ടയേർഡ് ബാങ്ക് മാനേജർ പ്രമോദ് മഠത്തിലിൻറെ ജാഗ്രതയിലും കണ്ണൂർ സിറ്റി സൈബർ പോലീസ് സമയോചിതമായ ഇടപെടലിലൂടെ പൊളിച്ചു. 

tRootC1469263">

ജനുവരി 11-നാണ് തട്ടിപ്പിന് തുടക്കമിട്ട ഫോൺ കോൾ പ്രമോദ് മഠത്തിലിന്  ലഭിക്കുന്നത്. മുംബൈയിലെ കാനറ ബാങ്കിൽ പ്രമോദിന്റെ പേരിൽ ഒരു അക്കൗണ്ടും സിം കാർഡും എടുത്തിട്ടുണ്ടെന്നും, നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനെ എൻ.ഐ.എ അറസ്റ്റ് ചെയ്തപ്പോൾ പിടിച്ചെടുത്ത രേഖകളിൽ പ്രമോദിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡും ഉൾപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു തട്ടിപ്പുകാർ വിശ്വസിപ്പിച്ചത്. 

ഇതിന്റെ തെളിവായി എഫ്.ഐ.ആർ കോപ്പി, ആധാർ വിവരങ്ങൾ, സിം കാർഡ് വിവരങ്ങൾ എന്നിവയും അയച്ചു നൽകി ഭീഷണിപ്പെടുത്തി. എന്നാൽ, കാര്യങ്ങൾ മനസ്സിലാക്കിയ പ്രമോദും ഭാര്യയും ഉടൻ തന്നെ കണ്ണൂർ സിറ്റി സൈബർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് ജനുവരി 12-ന് രാവിലെ 11:30-ന് തട്ടിപ്പുകാർ വീഡിയോ കോളിൽ വരാൻ ആവശ്യപ്പെട്ടതനുസരിച്ച് സൈബർ പോലീസ് സംഘം പ്രമോദിന്റെ വീട്ടിലെത്തി. സൈബർ പോലീസ് സ്റ്റേഷൻ എസ്.ഐ മിഥുൻ എസ്. വി-യുടെ നേതൃത്വത്തിൽ എസ്.ഐ-മാരായ പ്രകാശൻ വി, ഷമിത്ത് എം, സി.പി.ഒ-മാരായ ദിജിൻ പി. കെ, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്.

നിലവിൽ നടക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് പോലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി. തുടർന്ന് പോലീസിന്റെ നിർദ്ദേശപ്രകാരം പ്രമോദ് സംശയമില്ലാത്ത രീതിയിൽ തട്ടിപ്പുകാരുടെ വീഡിയോ കോൾ അറ്റൻഡ് ചെയ്തു. ഉദ്യോഗസ്ഥനെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ യൂണിഫോം ധരിച്ച മലയാളിയായ വ്യാജ എൻഐഎ ഉദ്യോഗസ്ഥൻ സ്ക്രീനിലെത്തി. പത്ത് മിനിറ്റോളം ഇയാൾ പ്രമോദുമായി സംസാരിച്ചു. സ്ഥാപനങ്ങളുടെ പേരിൽ സിം കാർഡ് എടുക്കുമ്പോൾ ബയോമെട്രിക് ആവശ്യമില്ലെന്നും ആധാർ മാത്രം മതിയെന്നും പറഞ്ഞാണ് ഇവർ വ്യാജ സിം കാർഡ് കഥ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്.

സംഭാഷണത്തിനിടെ തട്ടിപ്പുകാർക്ക് യാതൊരു സംശയവും നൽകാതെ, കൃത്യസമയത്ത് സൈബർ പോലീസ് ഉദ്യോഗസ്ഥർ കോൾ ഏറ്റെടുക്കുകയും തട്ടിപ്പ് സംഘത്തിന്റെ നീക്കം പരാജയപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സൈബർ പോലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. തട്ടിപ്പാണോ എന്ന സംശയം ഉണ്ടായ ഉടനെ വിവരം സൈബർ പോലീസിനെ അറിയിച്ച പ്രമോദിനെയും ഭാര്യയെയും പോലീസ് അഭിനന്ദിച്ചു.

Tags