ചാലോട് ടി ആൻഡ് ഡി പോളിനേഷൻ യൂണിറ്റിന്റെ പ്രവർത്തനം വിപുലപ്പെടുത്തും : വി കെ സനോജ് എംഎൽഎ

Vk sanoj

മട്ടന്നൂർ: മട്ടന്നൂർ നിയോജകമണ്ഡലത്തിലെ ചാലോടിൽ പ്രവർത്തിക്കുന്ന ടി ആൻഡ് ഡി പോളിനേഷൻ യൂണിറ്റിന്റെ പ്രവർത്തനം വിപുലപ്പെടുത്തുമെന്ന് വി കെ സനോജ് എംഎൽഎ പറഞ്ഞു.

യൂണിറ്റിന്റെ ഫാം കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു കൗൺസിലിന്റെ അധ്യക്ഷൻ കൂടിയായ വി കെ സനോജ് എംഎൽഎ. ഫാമിൽ നിന്ന് വിതരണം ചെയ്യുന്ന പച്ചക്കറി തൈകളും നടീൽ വസ്തുക്കളും നല്ല ഗുണനിലവാരം പുലർത്തുന്നവയാണെങ്കിലും കർഷകരുടെ ആവശ്യം അനുസരിച്ച് അവ ലഭ്യമാക്കാൻ ഇപ്പോൾ സാധിക്കുന്നില്ല.

സ്കൂൾ വിദ്യാർഥികൾക്ക് കാർഷിക മേഖലയിൽ കൂടുതൽ അറിവ് നൽകുന്നതിനും കൃഷിയോട് കൂടുതൽ താൽപ്പര്യം ഉണ്ടാക്കുന്നതിനുമുള്ള പരിശീലനങ്ങൾ സംഘടിപ്പിക്കണമെന്നും എംഎൽഎ നിർദേശിച്ചു. ടി ആൻഡ് തൈകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യാൻ കഴിയണം. ഫാമിന്റെ സുഗമമായ പ്രവർത്തനത്തിന് വരുമാനദായകമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും കൂടുതൽ തൊഴിലാളികളെ നിയമിക്കുകയും ചെയ്യണം. ഇപ്പോൾ നിലവിലുള്ള സ്ഥലത്തിന്റെ ദൗർലഭ്യം പരിഗണിച്ച് കൂടുതൽ സ്ഥലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം - എംഎൽഎ പറഞ്ഞു.

പഞ്ചായത്തിന്റെ സഹകരണത്തോടെ കൂടുതൽ പച്ചക്കറി തൈകൾ, തെങ്ങിൻ തൈകൾ കവുങ്ങിൻ തൈകൾ,കുരുമുളക് വള്ളികൾ എന്നിവ ഉൽപ്പാദിപ്പിക്കാൻ കഴിയണം. വേനൽക്കാലത്ത് രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നത് കണക്കിലെടുത്ത് കിണർ ആഴം കൂട്ടുകയോ അല്ലെങ്കിൽ വെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയോ വേണം. ഫാം ടൂറിസത്തിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തണം.

അതിനാവശ്യമായ വികസന പ്രവർത്തനങ്ങൾ ഫാമിൽ നടപ്പിലാക്കുന്നതിനുള്ള സാധ്യത കണ്ടെത്തണം സ്കൂൾ കുട്ടികൾക്ക് കൃഷിയോടുള്ള അഭിരുചി വർധിപ്പിക്കാനുള്ള പരിശീലനം നൽകണം.

ഫാമിന്റെ സമഗ്ര വികസനം സാധ്യമാകുന്ന രീതിയിൽ ഒരു വിശദമായ പ്രൊജക്റ്റ് ഉണ്ടാക്കുന്നതിനും എംഎൽഎ നിർദേശിച്ചു. കൃഷി വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ചാലോട് ടി ആൻഡ് ഡി പോളിനേഷൻ യൂണിറ്റ് കൃഷിക്കാർക്ക് കൂടുതൽ ഉപകാരപ്രദമായി മാറ്റാനുള്ള നടപടി സ്വീകരിക്കുന്നതാണെന്ന് എംഎൽഎ അറിയിച്ചു.

 യോഗത്തിൽ കീഴല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് സി സജീവൻ, വാർഡ് മെമ്പർ പി ഷീല, ഫാം ഡെപ്യൂട്ടി ഡയരക്ടർ ബി സുഷ, സീനിയർ അഗ്രികൾച്ചർ ഓഫീസർ ആർ ബീന കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ, ഫാം തൊഴിലാളികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags