എക്‌മോ ചികിത്സയിൽ ചരിത്രനേട്ടവുമായി കണ്ണൂർ ആസ്റ്റർ മിംസ് ;ദേശീയ-അന്താരാഷ്ട്ര ശരാശരിയേക്കാൾ ഉയർന്ന വിജയനിരക്ക്

Kannur Aster MIMS achieves historic achievement in ECMO treatment; success rate higher than national and international average

കണ്ണൂർ: കഴിഞ്ഞ ഒരു വർഷത്തിനിടെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 13 രോഗികളിൽ 10 പേരെയും അത്യാധുനിക എക്‌മോ (ഇ.സി.എം.ഒ) ചികിത്സയിലൂടെ കണ്ണൂർ ആസ്റ്റർ മിംസ് ജീവിതത്തിലേക്ക് വിജയകരമായി തിരികെ എത്തിച്ചു. ദേശീയ-അന്താരാഷ്ട്ര ശരാശരിയേക്കാൾ 77 ശതമാനം മികച്ച വിജയനിരക്ക് കൈവരിച്ചാണ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം ഈ നേട്ടം സ്വന്തമാക്കിയത്. ആശുപത്രിയിലെ വിദഗ്ധരടങ്ങുന്ന അത്യാഹിത വിഭാഗം, കാർഡിയോളജി, പൾമണോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളുടെ ഏകോപിച്ചുള്ള അടിയന്തര ഇടപെടലാണ് ഈ നൂതന ചികിത്സയിൽ നിർണായകമായത്.

കഠിനമായ അണുബാധകൾ, ഇൻഫ്‌ലുവൻസ, ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (എ.ആർ.ഡി.എസ്) തുടങ്ങിയ രോഗങ്ങൾ മൂർച്ഛിച്ച് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം പൂർണമായി തകരാറിലാകുന്ന ഘട്ടത്തിലാണ് എക്‌മോ ചികിത്സ ജീവൻരക്ഷയായി മാറുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് സാധാരണ വെന്റിലേറ്ററുകൾ നൽകുമ്പോൾ അത് ശ്വാസകോശത്തെ അമിതമായി സമ്മർദ്ദത്തിലാക്കുകയും, സങ്കീർണ്ണതകൾക്ക് കാരണമാകുകയും ചെയ്യാം. എന്നാൽ എക്‌മോ സാങ്കേതികവിദ്യ ഈ പ്രതിസന്ധിയെ വിജയകരമായി മറികടക്കുന്നു. ഈ ചികിത്സയിൽ ശരീരത്തിന് പുറത്തുള്ള യന്ത്രം കൃത്രിമ ഹൃദയമായും ശ്വാസകോശമായും പ്രവർത്തിച്ച് രക്തത്തിലേക്ക് നേരിട്ട് ഓക്‌സിജൻ എത്തിക്കുകയും യഥാസമയം കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുകയും ചെയ്യുന്നു. ഇതുവഴി കേടുപാടുകൾ സംഭവിച്ച അവയവങ്ങൾക്ക് പൂർണ്ണ വിശ്രമം ലഭിക്കുകയും ശരീരം സ്വയം സുഖപ്പെടാനുള്ള നിർണ്ണായക സമയം രോഗിക്ക് ലഭിക്കുകയും ചെയ്യുന്നു.

ആഗോള ശരാശരിയേക്കാൾ മികച്ച വിജയനിരക്കിലൂടെ വടക്കൻ മലബാറിലെ വൈദ്യശാസ്ത്ര രംഗത്ത് അത്യാധുനിക പരിചരണ മികവിന്റെയും കൃത്യതയുടെയും പുതിയ പ്രതീകമായി മാറുകയാണ് കണ്ണൂർ ആസ്റ്റർ മിംസ്. ക്രിട്ടിക്കൽ കെയർ വിഭാഗം ഡയറക്ടർ ഡോ. അമിത്ത് ശ്രീധരൻ, ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. റിനോയ് ചന്ദ്രൻ, കാർഡിയോ തൊറാസിക് സർജറി വിഭാഗം ഡോ. പ്രസാദ് സുരേന്ദ്രൻ, കാർഡിയോ തൊറാസിക് അനസ്‌തേഷ്യ ഡോ. ഗണേഷ് .എം, ഡോ. നിലഞ്ജൻ, ജിനു (പെർഫ്യൂഷനിസ്റ്റ്), അഖിൽ (നഴ്‌സിംഗ് വിഭാഗം), റെസ്പിറേറ്ററി തെറാപ്പിസ്റ്റ് കൃഷ്ണൻ ,  ഫിസിയോതെറാപ്പി വിഭാഗം മേധാവി വിശ്വനാഥൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സ വിജയകരമായി പൂർത്തീകരിച്ചത്. മരണമുഖത്തുനിന്നാണ് ഈ അത്യാധുനിക ചികിത്സയുടെ പിൻബലത്തോടെ രോഗികളെ നമ്മൾ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് ഡോ. അമിത്ത് ശ്രീധരൻ പ്രതികരിച്ചു. കൃത്യമായ സമയത്തുള്ള ഇടപെടലും പ്രത്യേക പരിശീലനം ലഭിച്ച മെഡിക്കൽ സംഘത്തിന്റെ കൂട്ടായ പരിശ്രമവുമാണ് ഈ ചികിത്സയിൽ നിർണ്ണായകമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശ രാജ്യങ്ങളിലും മെട്രോ നഗരങ്ങളിലും മാത്രം ലഭ്യമായിരുന്ന അത്യാധുനിക ചികിത്സാസൗകര്യങ്ങൾ മേഖലയിൽ ലഭ്യമാക്കാനും ഈ അപൂർവ്വ നേട്ടത്തിലൂടെ കണ്ണൂരിന്റെ പേര് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് ഉയർത്താനും സാധിച്ചു എന്ന് കണ്ണൂർ ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ പറഞ്ഞു. പ്രദേശത്തിന്റെ ആരോഗ്യ മേഖലയിൽ ചരിത്രപരമായ ഒരു മാറ്റത്തിനാണ് ആശുപത്രി വഴിതുറന്നിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

സങ്കീർണ്ണമായ സാങ്കേതികവിദ്യകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കി നാടിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാൻ ആശുപത്രി പ്രതിജ്ഞാബദ്ധമാണെന്നും പ്രാദേശിക തലത്തിൽ സാധാരണക്കാർക്ക് ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കുന്നതിലും കണ്ണൂർ ആസ്റ്റർ മിംസ് ഒരു നിർണ്ണായക വഴിത്തിരിവായി മാറിയിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Tags