കണ്ണൂരിൽ സ്കൂട്ടറിലെത്തി വഴി യാത്രക്കാരിയായ വയോധികയെ ചവിട്ടി വീഴ്ത്തി സ്വർണ മാലയാണെന്ന് കരുതി മുക്കുപണ്ടം കവർന്ന യുവാവ് അറസ്റ്റിൽ


കണ്ണൂർ : സ്വർണ മാലയാണെന്ന് കരുതി സ്കൂട്ടറിലെത്തി വയോധികയെ തള്ളിയിട്ട് മുക്കുപണ്ടവുമായി രക്ഷപ്പെട്ട സ്കൂട്ടർ യാത്രക്കാരനായ യുവാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി.
കണ്ണൂർ നാറാത്ത് സ്വദേശിയും സെക്യുരിറ്റി ജീവനക്കാരനുമായ ഇബ്രാഹിമാണ് (41) കണ്ണൂർ ടൗൺ പൊലിസിൻ്റെ പിടിയിലായത്. വഴിയാത്രക്കാരിയായ പന്നേൻ ഹൗസിൽ കാർത്യായനിയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്.
സ്വർണ മാല പൊട്ടിക്കാനുള്ള ആദ്യ മോഷണ ശ്രമത്തിനിടെ പ്രതിക്ക് കിട്ടിയത് മുക്കുപണ്ടമായിരുന്നു. പള്ളിക്കുന്ന് പന്നേൻ പാറയിലെ ഫുൾ ഡി റോഡിൽ വ്യാഴാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കണ്ണൂരിൽ നിന്നും ബസിറങ്ങി വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് വഴി യാത്രക്കാരിയായ വയോധികയെ സ്കൂട്ടർ യാത്രക്കാരൻ പിൻതുടർന്നത്. ഇതിനിടെ ഇവരുടെ അരികിൽ സ്കൂട്ടർ നിർത്തി ഈ ഭാഗത്ത് റെയിൽവെയിൽ ജോലി ചെയ്യുന്ന ഒരാളുടെ വീട് അറിയാമോയെന്ന് ചോദിച്ചു.

തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വീണ്ടും സ്കൂട്ടർ നിർത്തിയ ശേഷം വീണ്ടും വയോധികയോട് ആളെ കുറിച്ചു ചോദിച്ചതിന് ശേഷമാണ് ഇവരെ ചവുട്ടി തള്ളിയിട്ട് മാല കവർന്നത്. റോഡിൽ വീണ വയോധി എഴുന്നേറ്റ് ബഹളം വെച്ചുവെങ്കിലും ഇയാൾ അതിവേഗം രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ കണ്ണൂർ ടൗൺ പൊലിസ് വീഴ്ച്ചയിൽ മുട്ടിന് പരുക്കേറ്റ വയോധികയെ കണ്ണൂരിലെ ആശുപത്രിയിൽ കാണിച്ചു ചികിത്സ നൽകി വീട്ടിലെത്തിച്ചു.
തുടർന്ന് സ്ഥലത്തെ ഒരു വീട്ടിലെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി സഞ്ചരിച്ച സ്കൂട്ടറിൻ്റെ നമ്പർ കിട്ടിയത്. ഇതോടെ മോഷണം നടത്തിയത് ഇബ്രാഹിമാണെന്ന് തെളിയുകയായിരുന്നു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി,ഉദ്യോഗസ്ഥരായ അനുരൂപ് ,ഷൈജു , നാസർ, റമീസ് മിഥുൻ, സനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.