കണ്ണൂർ വിമാനത്താവളത്തിന് പോയൻ്റ് ഓഫ് കോൾ പദവി നൽകാത്തത് അനീതിയാണ് : അഡ്വ.പി സന്തോഷ് കുമാർ എംപി

Not giving point of call status to Kannur airport is injustice: Adv.P Santosh Kumar MP
Not giving point of call status to Kannur airport is injustice: Adv.P Santosh Kumar MP

കണ്ണൂർ : കണ്ണൂർ രാജ്യാന്തരവിമാനത്താവളത്തിന് പോയൻ്റ് ഓഫ് കോൾ പദവി നിഷേധിച്ചത് പ്രവാസികൾക്കും വടക്കൻ കേരളത്തിന്റെ വികസനത്തിനും വലിയ തിരിച്ചടിയാണെന്ന് അഡ്വ. പി സന്തോഷ് കുമാർ എം.പി.  

ഇതു സംബന്ധിച്ച്  രാജ്യസഭയിൽ ഉന്നയിച്ചചോദ്യത്തിന് കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ, കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ  പദവി നൽകാൻ താത്പര്യമില്ലെന്ന് വ്യക്തമായിട്ടുണ്ട്. വിദേശ വിമാനങ്ങൾ ഒരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും അനുവാദം നൽകുന്ന പദവിയാണ് പി.ഓ സി. ഇത് രാജ്യങ്ങൾ തമ്മിലുള്ള വ്യോമസേവന കരാറുകളെ അടിസ്ഥാനമാക്കിയിട്ടാണ് നൽകുന്നത്. ഇപ്പോഴും കണ്ണൂർ വിമാനത്താവളത്തിന് ഈ പദവി നൽകാൻ കേന്ദ്രം തയ്യാറായിട്ടില്ല.  

പോയൻ്റ് ഓഫ് കോൾ പദവി നിഷേധിക്കുന്നത് പ്രവാസികൾക്കും വടക്കൻ കേരളത്തിന്റെ വികസന സാധ്യതകൾക്കും വലിയ തിരിച്ചടിയാണ് ' കേരളത്തെ നിരന്തരമായി അവഗണിക്കുന്ന കാഴ്ചപ്പാട് തന്നെയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.

സംസ്ഥാനത്തിന്റെ വളർച്ച തടസ്സപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങൾ അംഗീകരിക്കാനാവില്ല. വടക്കൻ കേരളത്തിലെ ജില്ലകൾ പുതിയ വികസന പാതകളും അവസരങ്ങളും കണ്ടെത്തുന്ന ഈ സാഹചര്യത്തിൽ  പി.ഓ.സി   പദവി നൽകുന്നതിലൂടെ ഈ പ്രക്രിയയ്ക്ക് വേഗത ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ, നോൺ മെട്രോ നഗരങ്ങളിൽ നിന്ന് ഇന്ത്യൻ വിമാന കമ്പനികൾക്ക് കൂടുതൽ അന്താരാഷ്ട്ര ഗതാഗതം നടത്താൻ അവസരം നൽകുകയാണ് എന്നും അത് കൊണ്ടാണ് പോയൻ്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകാത്തത് എന്നും പറയുന്നു.

വികസനത്തിന് ഉതകുന്ന ഇത്തരം പദവികൾ നൽകുന്നതിന് ഒരു പ്രദേശത്തിന്റെ ജനസംഖ്യ മാത്രമല്ല, സാമൂഹിക-സാമ്പത്തിക ഘടകങ്ങളും പരിഗണിക്കണം. കണ്ണൂർ വിമാനത്താവളത്തിന് പി.ഓ.സി  പദവി നൽകുന്നതിലൂടെ വടക്കൻ കേരളത്തിലെ പ്രവാസികൾക്കും അതിന്റെ സവിശേഷമായ  സമ്പദ് ഘടനയ്ക്കും ധാരാളം നേട്ടങ്ങളുണ്ടാകും. അതിനാൽ കണ്ണൂർ വിമാനത്താവളത്തിന് വളരെ വേഗം തന്നെ പി.ഓ.സി പദവി നൽകണമെന്നും മറ്റു വിമാനത്താവളങ്ങൾക്കും അത് ലഭ്യമാക്കണമെന്നും പി.സന്തോഷ്കുമാർ എംപി ആവശ്യപ്പെട്ടു.

Tags