കണ്ണൂർ വിമാനത്താവളത്തിലെ അന്താരാഷ്ട്ര സർവീസുകൾ: റിപ്പോർട്ട് തേടു മെന്ന് പ്രവാസി കമ്മീഷൻ

International services at Kannur Airport: Expatriate Commission seeks report

കണ്ണൂർ :പശ്ചിമേഷ്യയിലെ സംഘർഷം കണക്കിലെടുത്ത് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ, വ്യോമയാന മന്ത്രാലയം എന്നിവയോട് റിപ്പോർട്ട് തേടുമെന്ന് പ്രവാസി കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് സോഫി തോമസ് അറിയിച്ചു. സയൻസ് പാർക്ക് ഹാളിൽ നടത്തിയ പ്രവാസി കമ്മീഷൻ അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  ജസ്റ്റിസ്. 

നിലവിൽ അന്തരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുന്നതിനാൽ കണ്ണൂരും സമീപ ജില്ലകളിലുമുള്ള പ്രവാസികൾക്ക് നാട്ടിൽ എത്തുന്നതിനും തിരികെ പോകുന്നതിനും വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. ഇത് പ്രവാസികളുടെ അവകാശം നിഷേധിക്കുന്നതിന് തുല്യമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് വിശദമായി പഠിച്ചശേഷം നടപടി ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും, കേന്ദ്ര സർക്കാരിനും കത്ത് നൽകുമെന്നും ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു. ഒമാനിൽ ജോലി ചെയ്യുന്ന പ്രവാസിയായ കബീർ യൂസഫ് ഇത് സംബന്ധിച്ച് കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

അദാലത്തിൽ 109 പരാതികളാണ് പരിഗണിച്ചത്. 33 പുതിയ പരാതികൾ ലഭിച്ചു. 22 പരാതികൾ തീർപ്പാക്കി. ശേഷിക്കുന്ന പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. കമ്മീഷൻ അംഗങ്ങളായ പി.എം.ജാബിർ, എം.എം.നയീം, മെമ്പർ സെക്രട്ടറി ആർ.ജയറാം കുമാർ എന്നിവരും സിറ്റിങ്ങിൽ പരാതികൾ പരിഗണിച്ചു.

Tags