അശാസ്ത്രീയ കുന്നിടിക്കൽ ദുരന്തഭീഷണിയിൽ കണ്ണാടിച്ചാലിലെ കുടുംബങ്ങൾ

Families in Kannadichal face disaster threat due to unscientific hill cutting.

കാടാച്ചിറ: കടമ്പൂർ വില്ലേജിൽ കണ്ണാടിച്ചാലിൽ അശാസ്ത്രീയമായ കുന്നിടിക്കൽ ജന ജീവിതത്തിന് ഭീഷണി ഉയർത്തുന്നു.അനധികൃതവും അശാസ്ത്രീയവുമായി കുന്നിടിച്ചതിനെ തുടർന്ന് കഴിഞ്ഞ 2-3 വർഷമായി പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഉണ്ടായ ഭീഷണിക്ക് ഈ മഴകാലത്തും പരിഹാരമായില്ല. കനത്ത മഴ പെയ്യുന്ന ഓരോ നിമിഷവും മരണഭയത്തോടെയാണ് ഇവിടങ്ങളിലെ സ്ത്രീകളും കുട്ടികളും വയോധികരു മടങ്ങുന്ന കുടുംബങ്ങൾ സ്വന്തം വീടുകളിൽ കഴിയുന്നത്. വലിയൊരു ദുരന്തത്തിന് വഴിയൊരുക്കുന്ന തരത്തിലാണ് ഇവിടെ കൂറ്റൻ കുന്നിടിച്ച് നിരത്തിയിരിക്കുന്നത്.

വില്ലേജ് ഓഫീസർ മുതൽ കളക്ടർ വരെയും, പഞ്ചായത്ത് പ്രസിഡന്റ് മുതൽ മുഖ്യമന്ത്രി വരെയും നിരവധി നിവേദനങ്ങൾ നൽകി പ്രദേശവാസികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടുകഴിഞ്ഞു. ഇതിനിടെ ജിയോളജി ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥരും താലൂക്ക് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് മടങ്ങിയെങ്കിലും പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കാണാൻ ഇതുവരെ അധികൃതർക്കായിട്ടില്ല.
കുന്നിടിച്ച ഭാഗത്തെ മണ്ണ് കനത്ത മഴയിൽ ഒലിച്ചിറങ്ങി വൻതോതിൽ മണ്ണിടിച്ചിൽ ഭീഷണി ഉയർത്തുന്നുണ്ട്. കുന്നിൻ താഴെയുള്ള ജനവാസ മേഖലയിലേക്ക് ഏതു നിമിഷവും കൂറ്റൻ മൺതിട്ടയോ ചെളിയോ ഇടിഞ്ഞുവീഴാമെന്ന ഭീതിയിലാണ് പ്രദേശം. മഴ ശക്തമാകുന്നതോടെ മണ്ണൊലിച്ച് താഴെയുള്ള വീടുകളിലേക്കും വഴികളിലേക്കും ഒഴുകിയെത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇത്രയും ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോഴും ശാശ്വതമായ സംരക്ഷണ ഭിത്തിയോ മറ്റ് മുൻകരുതൽ നടപടികളോ സ്വീകരിക്കാൻ ബന്ധപ്പെട്ട ഭരണാധികാരികളോ ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല. വലിയൊരു ദുരന്തം സംഭവിച്ചതിനു ശേഷം മാത്രം ഉണർന്നു പ്രവർത്തിക്കുന്ന അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Tags