കനൽ ഖത്തർ നാടൻ പാട്ട് പ്രതിഭാ പുരസ്കാരം റംഷി പട്ടുവത്തിന്


കണ്ണൂർ : നാടൻപാട്ട് മേഖലയിൽ കനൽ ഖത്തർ നൽകിവരുന്ന "കനൽ ഖത്തർ പ്രതിഭ പുരസ്‌കാരത്തിന് കണ്ണൂർ സ്വദേശിയായ
റംഷി പട്ടുവം അർഹനായതായികനൽ ഖത്തറിൻ്റെ ഫേസ്ബുക് പേജിലൂടെ പ്രഖ്യാപിച്ചു.
കഴിഞ്ഞ പത്ത് വർഷക്കാലമായി ഖത്തറിലെ വിവിധ കൂട്ടായ്മകളിലെയും ആഘോഷവേദികളിൽ, വൈവിധ്യങ്ങളായ കലാസാംസ്കാരിക ഇടങ്ങളിൽ , നാടിൻ്റെ നന്മകളും പൈതൃകവും വിളിച്ചോതുന്ന നാടൻപാട്ടുകളുടെയും നാടൻകലാരൂപങ്ങളുടെയും പ്രവർത്തനങ്ങൾ നടത്തിവരുന്ന ഒരു കൂട്ടായ്മയാണ് കനൽ ഖത്തർ നാടൻപാട്ട് സംഘം. കുട്ടികൾക്കായി നാടൻ കലാ ശില്പശാലകൾ ,സെമിനാറുകൾ , വിവിധ നാടൻകലാ പ്രവർത്തനങ്ങൾ എന്നിവയാണ് ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ.
കേരളത്തിലെ നാടൻപാട്ട് മേഖലയിലെ പ്രശംസനീയമായ സംഭാവനകൾ നൽകുന്ന കലാകാരന്മാരെ തിരഞ്ഞെടുക്കുകയും,അവരെ ആദരിക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെ നൽകുന്നതാണ് കനൽ ഖത്തർ പ്രതിഭ പുരസ്ക്കാരം. ഓരോ സമൂഹത്തിന്റെയും കൂട്ടായ്മയിൽ നിന്നാണ് അവരുടെ പാട്ടുകൾ രൂപം കൊണ്ടിട്ടുള്ളത്. അജ്ഞാതകർതൃകങ്ങളായ ഇത്തരം പാട്ടുകൾ കാലത്തിൽ നിന്ന് കാലത്തിലേക്ക് വാമൊഴിയായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി നാടൻപാട്ട് മേഖലയിൽ ശക്തമായ ഇടപെടലുകളിലൂടെ നാട്ടുപാട്ടുകളുടെ മികച്ച പ്രവർത്തനങ്ങളും നിറഞ്ഞ സാന്നിധ്യവും അറിയിച്ചുകൊണ്ടിരിക്കുന്ന കലാകാരനായ കണ്ണൂർ സ്വദേശിയായ റംഷി പട്ടുവത്തെ ഇത്തവണത്തെ പുരസ്‌കാരത്തിന് ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്.
റംഷി പട്ടുവം, പ്രാഥമിക വിദ്യാഭ്യാസ കാലം മുതൽക്കു തന്നെ നാടൻപാട്ടുകളുടെ ലോകത്തേക്ക് കടന്നുവന്നിട്ടുള്ള വ്യക്തിയാണ്, ആയിരത്തിൽ പരം മണ്ണിന്റെ മണമുള്ള പാട്ടുകൾ ശേഖരിക്കുകയും ജന്മനസ്സുകളിലേക്കു പകർന്നു നൽകുകയും ചെയ്തിട്ടുള്ള നാട്ടുകലാകാരൻ. സ്കൂൾ കലോത്സവം , കേരളോത്സവം , ഇന്റർസോൺ കലോത്സവങ്ങൾ തുടങ്ങിയ മത്സരപരിപാടികളിൽ റംഷി പരിശീലിപ്പിച്ച കുട്ടികൾ സമ്മാനങ്ങൾ നേടുകയും തനത് നാടൻപാട്ടുകളുടെ പ്രചാരകരാവുകയും ചെയ്തിട്ടുണ്ട് , വിവിധ മത്സരപരിപാടികളുടെ വിധികർത്താവായും പ്രവർത്തിച്ചു വരുന്നു.
മലബാർ മേഖലയിലെ പ്രധാന നാടൻ കലാ സംഘമായ മയ്യിൽ അഥീന നാടക നാട്ടറിവ് കലാസമിതിയിലെ പ്രധാന കലാകാരനാണ് റംഷി പട്ടുവം. കലാപരിപാടികൾക്ക് പുറമെ നല്ലൊരു കൃഷിക്കാരൻ കൂടിയാണ് ഇദ്ദേഹം.
കനൽ ഖത്തർ സംഘടിപ്പിക്കുന്ന ഒരു പൊതുപരിപാടിയിൽ വച്ച് പുരസ്‌ക്കാര സമർപ്പണം നടത്തുമെന്ന് കനൽ ഖത്തർ ഭാരവാഹികൾ അറിയിച്ചു.