വരയും ചിരിയും സിനിമയും, സര്‍ഗസാന്ദ്രമായി കൈരളി ഫെസ്റ്റിവല്‍

Kairali Festival is packed with creativity, laughter and cinema


കണ്ണൂര്‍ : കഥയും കവിതയും വരയും സിനിമയുമൊക്കെയായി കൈരളി ഇന്റര്‍നാഷനല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനം. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ ടി. പത്മനാഭനും എം. മുകുന്ദനും ബംഗ്ലാദേശ് എഴുത്തുകാരി തസലീമ നസ്‌റീനും സിനിമാ പ്രവര്‍ത്തകരായ ലാല്‍ ജോസ്, ഷിബു ചക്രവര്‍ത്തി, ഷാഹി കബീര്‍, സുസ്‌മേഷ് ചന്ദ്രോത്ത്എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് തുടങ്ങിയവരൊക്കെ ശിക്ഷക് സദനില്‍ രണ്ടാം ദിനത്തെ സര്‍ഗസാന്ദ്രമാക്കി. 

ടി. പത്മനാഭന്റെ കഥയെ ആസ്പദമാക്കി സുസ്‌മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത നളിനകാന്തി എന്ന സിനിമക്കു വേണ്ടി ഷിബു ചക്രവര്‍ത്തി എഴുതിയ കവിതകളുടെ സമാഹാരം 'നളിനകാന്തി' ടി. പത്മനാഭന്‍ പ്രകാശനം ചെയ്തു. പലയിടങ്ങളില്‍ പലതവണ ഈ സിനിമ കണ്ടിരുന്നുവെന്നും ഓരോ തവണയും കൂടുതല്‍ മധുരമായി തോന്നിയെന്നും പത്മനാഭന്‍ പറഞ്ഞു. കവിതകള്‍ക്ക് രേഖാചിത്രങ്ങള്‍ വരച്ച മദനനും ജയരാജ് വാര്യരും ചടങ്ങില്‍ പങ്കെടുത്തു. നോവല്‍ ദേശവും കാലവും എന്ന ചര്‍ച്ചയിലാണ് എം. മുകുന്ദന്‍ പങ്കെടുത്തത്. രാഷ്ട്രീയം ആസ്പദമാക്കിയുള്ള സര്‍ഗസാഹിത്യ രചനകള്‍ ഇനിയുള്ള കാലത്ത് പ്രയാസകരമായിരിക്കുമെന്ന് മുകുന്ദന്‍ അഭിപ്രായപ്പെട്ടു. മുന്‍കാലത്ത് വിമര്‍ശനങ്ങള്‍ക്ക് കത്തെഴുത്തിന്റെ സാവകാശമുണ്ടായിരുന്നു. ഇന്ന് സമൂഹമാധ്യമങ്ങളുടെ ഇന്‍സ്റ്റന്റ് കടന്നലാക്രമണങ്ങളാണ്. ദല്‍ഹിയും മയ്യഴിയും തന്റെ രചനകളെ സ്വാധീനിച്ചതിന്റെ ആഴങ്ങളെക്കുറിച്ചും മുകുന്ദന്‍ സംസാരിച്ചു. എസ്. ഹരീഷ്, വിനോയ് തോമസ്, എ.വി പവിത്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Kairali Festival is packed with creativity, laughter and cinema

ഫെയ്ത്ത്, ഫ്രീഡം, ഫെമിനിസം എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകയും അധ്യാപികയുമായ ഡോ. ഷിലുജാസ് എം എഴുത്തുകാരി തസലീമ നസ്‌റീനുമായി സംവാദം നടത്തി. ശ്രീനിവാസന്‍: സിനിമ, അനുഭവം എന്ന ചര്‍ച്ചയിലാണ് ലാല്‍ ജോസ് പങ്കെടുത്തത്. രഞ്ജന്‍ എബ്രഹാം, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ജോളി ചിറയത്ത് എന്നിവരും ശ്രീനിവാസന്‍ സിനിമകളെ ഇഴകീറി പരിശോധിച്ചു. സിനിമയെക്കുറിച്ച ഹിസ്റ്ററീസ് ആന്റ് ജെന്റര്‍ എന്ന ചര്‍ച്ച ഡോ. മാളവിക ബിന്നി, ഷാഹി കബീര്‍, അനു പാപ്പച്ചന്‍ തുടങ്ങിയവര്‍ നയിച്ചു. ജയരാജ് വാര്യരും ഷിബു ചക്രവര്‍ത്തിയും പങ്കെടുത്ത പാട്ടും പറച്ചിലുമെന്ന ഹൃദയഹാരിയായ പരിപാടിയോടെയാണ് രണ്ടാം ദിനത്തിന് തിരശ്ശീല വീണത്.  

നടനത്തിന്റെ ലാവണ്യധാരകള്‍ എന്ന ചര്‍ച്ചയെ അശ്വതിയും ശ്രീകാന്തും ഡോ. സുമിതാനായരും ലാവണ്യമധുരമാക്കി. എത്രയും പ്രിയപ്പെട്ട അനുഭവാഖ്യാനങ്ങള്‍ ചര്‍ച്ചയില്‍ ബാബു എബ്രഹാം, നിംന വിജയ്, ഡോ. സോമന്‍ കടലൂര്‍ എന്നിവര്‍ പങ്കെടുത്തു. സര്‍ഗാത്മകതയുടെ നാട്ടുവഴികള്‍ എന്ന ചര്‍ച്ചയില്‍ ആതിര വിലാസിന് മോഡറേറ്ററായിരുന്നു. എ.ആര്‍ പ്രസാദ്, ശുക്കൂര്‍ പെടയങ്ങോട്, ബഷീര്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ ഉത്തമന്‍ തുടങ്ങിയവര്‍ സര്‍ഗരചനകളുടെ നാട്ടിന്‍പുറങ്ങളെക്കുറിച്ച് സംസാരിച്ചു. കവിത, നൈതികത, ജീവിതം എന്ന വിഷയത്തില്‍ പി.എന്‍ ഗോപീകൃഷ്ണന്‍ പ്രഭാഷണം നടത്തി. പ്രണയപ്പെയ്ത്ത്, ഹോളി ഹുത, ഗംഗായാനം, അതീന്ദ്രിയ രാഗങ്ങള്‍ എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്തു.
 

Tags