കടയ്ക്കൽ ദേവി ക്ഷേത്രോത്സവ പരിപാടിയിൽ പാടിയത് ആസ്വാദകർ പറഞ്ഞ ഗാനമെന്ന് അലോഷി


പയ്യന്നൂർ :കടയ്ക്കൽ ദേവി ക്ഷേത്ര ഉത്സവ പരിപാടിയിൽ വിപ്ളവ ഗാനം പാടിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ഗായകൻ 'വിപ്ലവ ഗാനാലാപനത്തിൽ ആസ്വാദകർ പറഞ്ഞ ഗാനമാണ് താൻ പാടിയതെന്ന് ഗായകൻ അലോഷി ആദം പയ്യന്നൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
താൻ അന്ന് അവിടെ ഒരുപാട് പാട്ടുകൾ പാടിയിരുന്നുവെന്നും അതെല്ലാം ആസ്വാദകർ പറഞ്ഞ പാട്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. എല്ലാ പരിപാടിയിലും ആസ്വാദകരുടെ ഇഷ്‌ടത്തിനാണ് പാട്ടുകൾ പാടുന്നതെന്നും അലോഷി കൂട്ടിചേർത്തു.
ഹൈക്കോടതി തനിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അതുകൊണ്ടുതന്നെ ഈ കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ല. ആസ്വാദകരുടെ ആവശ്യപ്രകാരം പാടിയ പാട്ട് തെറ്റായി വ്യാഖാനിക്കപ്പെട്ടതാണ് പ്രശ്നങ്ങൾ അവിടെയുണ്ടായത്. മറ്റു പ്രശ്നങ്ങൾ അവിടെയുണ്ടായിരുന്നില്ല. അങ്ങനെ നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്. കേസിൻ്റെ വിശദാംശങ്ങൾ ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും.

ക്ഷേത്രപരിസരത്ത് വിപ്ലവഗാനം പാടാൻ പാടില്ല എന്ന യാതൊരു വിധത്തിലുള്ള നിർദേശങ്ങളും ക്ഷേത്ര കമ്മിറ്റിയും നൽകിയിരുന്നില്ല. പരിപാടി നടന്നത് ക്ഷേത്രത്തിനകത്തല്ലായിരുന്നുവെന്നും ക്ഷേത്രമതിൽക്കെട്ടിന് പുറത്തായിരുനെന്നും അലോഷി വ്യക്തമാക്കി. കേസിനെ കുറിച്ചുള്ള വിവരങ്ങൾ തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.അതേസമയം ഈ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ഡിജിപിക്ക് പരാതി നൽകി.
ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ, ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ എന്നിവരെ കൂടി പ്രതി ചേർക്കണം എന്നാവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ഈ പരിപാടിയിൽ പ്രചരണ ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്‌ഐയുടെ കൊടിയും സിപിഎമ്മിന്റെ ചിഹ്നവുമുണ്ടായിരുന്നു. ഗാനം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങൾക്കാണ് ഇത് വഴിവെച്ചത്.