കണ്ണൂർ തളിപ്പറമ്പ് -നോർത്ത് കുപ്പത്ത് എൻ.എച്ച്–66 ന്റെ രൂപരേഖ പുനഃപരിശോധിക്കണമെന്ന് കെ. സുധാകരൻ എം.പി
തളിപ്പറമ്പ്: തളിപ്പറമ്പിന് സമീപമുള്ള നോർത്ത് കുപ്പം പ്രദേശത്ത് നടന്നു വരുന്ന ദേശീയപാത 66 ന്റെ വികസന പദ്ധതിയുടെ നിലവിലെ രൂപരേഖപുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സുധാകരൻ എം.പി കത്തു നൽകി .ദേശീയപാത വികസനത്തെ ജനങ്ങൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, പയറ്റിയാൽ ക്ഷേത്രം മുതൽ കുപ്പം പാലം വരെയുള്ള ഭാഗത്ത് വൻ റിട്ടെയ്‌നിംഗ് വാളുകൾ നിർമിക്കാനുള്ള നിലവിലെ നിർദേശം ദീർഘകാലമായി നിലനിൽക്കുന്ന ജനവാസ മേഖലയെ വിഭജിക്കുകയും സാമൂഹിക–വാണിജ്യ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുമെന്ന് എം.പി കത്തിൽ ചൂണ്ടിക്കാട്ടി.
എഴോം റോഡ്, മുക്കുന്ന് റോഡ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലേക്കുള്ള ബന്ധം തടസ്സപ്പെടുകയും വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, പൊതുസൗകര്യങ്ങൾ, പ്രാദേശിക വിപണികൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര ദുഷ്കരമാകുകയും ചെയ്യും. കൂടാതെ മാടായിക്കാവ് ക്ഷേത്രത്തിലേക്കുള്ള തീർഥാടകരുടെയും ഏഷ്യയിലെ പ്രധാന നാവിക അക്കാദമിയായ എഴിമലയിലേക്കുള്ള ഗതാഗതത്തിന്റെയും കാര്യത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും എം.പി കത്തിൽ സൂചിപ്പിച്ചു.
നൂറുകണക്കിന് കുടുംബങ്ങളുടെയും വ്യാപാരികളുടെയും ദൈനംദിന ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി നിലവിലെ റിട്ടെയ്‌നിംഗ് വാൾ നിർദേശം ഒഴിവാക്കി തൂണുകളിൽ ഉയർത്തി നിർമ്മിക്കുന്ന എലിവേറ്റഡ് റോഡ് മാതൃക പരിഗണിക്കാൻ ദേശീയപാത അതോറിറ്റിക്ക് അടിയന്തിര നിർദേശം നൽകണമെന്ന് കെ. സുധാകരൻ, എം.പി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.
.jpg)

