സ്മാഷുകളുടെ മിന്നൽപ്പിണറുകളുമായി കളിയാരവം ഉയർന്നു : ജേർണലിസ്റ്റ് വോളിക്ക് കണ്ണൂരിൽ ആവേശകരമായ തുടക്കം

Journalist Volley has an exciting start in Kannur

കണ്ണൂർ:  മിന്നൽ സ്മാഷുകളുടെ  ആവേശം ഗ്യാലറിയിൽ നിറച്ചു കൊണ്ട് കണ്ണൂർ പ്രസ് ക്ളബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തുളസി ഭാസ്കരൻ മെമ്മോറിയൽ ആസ്റ്റർ മിംസ് ഏഴാമത് സംസ്ഥാന ജേർണലിസ്റ്റ് വോളിക്ക് കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണ മേനോൻ കോളേജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ആവേശകരമായ തുടക്കം. കണ്ണൂർ ജില്ലാ കളക്ടർ പി.വിഷ്ണു രാജ് ആദ്യ സെർവ് ചെയ്തു ഉദ്ഘാടനം ചെയ്തു. ഒരു നാടിനെ ഒന്നാകെ തന്നെ ഉത്തേജിപ്പിക്കാൻ വോളിബോൾ മത്സരങ്ങൾക്കും കോർട്ടുകൾക്കും കഴിയുമെന്ന് കളക്ടർ പറഞ്ഞു.

ചടങ്ങിൽ മേയർ അഡ്വ പി ഇന്ദിര മുഖ്യാതിഥിയായി പ്രസ് ക്ളബ്ബ് പ്രസി. സി. സുനിൽകുമാർ അദ്ധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ:ലിഷ ദീപക്ക്, നോർത്ത് മലബാർ ചേംബർ ഓഫ് പ്രസിഡൻ്റ് സച്ചിൻ സൂര്യകാന്ത്, വനിതാ കോളേജ് പ്രിൻസിപ്പാൾ കെ ടി ചന്ദ്രമോഹൻ, കെ.വി മധുസൂദനൻ (ആ സ്‌റ്റർ മിംസ് ) മുഹമ്മദ് നിയാസ് (ഡക്കാത്ത് ലോൺ)  സ്വീകരണ കമ്മിറ്റി ചെയർമാൻ ബി.പി റൗഫ് , കെയുഡബ്ള്യൂ ജെ സംസ്ഥാന പ്രസിഡൻ്റ് കെ വി ജേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പുത്തലത്ത്, ജസ്‌ന ജയരാജ് എന്നിവർ സംസാരിച്ചു.

ജനറൽ കൺവീനർ കെ എൻ ബാബു സ്വാഗതവും പ്രസ് ക്ളബ്ബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു. ആദ്യ മത്സരത്തിൽ പ്രൊഫസേഴ്‌സ് കണ്ണൂർ ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് ആസ്‌റ്റർ മിംസിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ എക്സൈസിനെ ഡോക്ടേഴ്സിനെ തോൽപ്പിച്ചു. മൂന്നാമത്തെ മത്സരത്തിൽ സെൻട്രൽ പ്രിസൺ കണ്ണൂർ ആദ്യ മത്സരത്തിൽ വിജയികളായ പ്രൊഫസേഴ്‌സുമായി ഏറ്റുമുട്ടി. ഞായറാഴ്ച്ച രാവിലെ ഏഴുമണിക്ക് കണ്ണൂരിലെ മാധ്യമ സ്ഥാപനങ്ങൾ തമ്മിൽ ഏറ്റുമുട്ടും.

Tags