ജനസേവന അദാലത്തിൽ കണ്ണൂരിൽ വന്യജീവി ആക്രമണത്തിന് ഇരയായ 30 പേർക്ക് സഹായധനം അനുവദിച്ചു

Janasevana Adalat grants financial assistance to 30 victims of wildlife attacks in Kannur

കണ്ണൂർ : ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത 30 പേരുടെ ബന്ധുക്കൾക്ക് വനം വന്യജീവി വകുപ്പിന്റെ ജനസേവന ജില്ലാതല അദാലത്തിൽ സഹായധനം അനുവദിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണോത്തുംചാൽ വനം വകുപ്പ് ഓഫീസിൽ ടി.ഒ മോഹനൻ എംഎൽഎ നിർവഹിച്ചു.

കാട്ടുപന്നി ആക്രമണത്തിൽ മരണപ്പെട്ട എൻ. പ്രദീപൻ, കെ. അജൽ എന്നിവരുടെ ഭാര്യമാർ ആദ്യ ഗഡു സഹായമായി 5 ലക്ഷം രൂപ വീതം എംഎൽഎയിൽ നിന്ന് സ്വീകരിച്ചു. 2025 മുതൽ ഈ വർഷം ഏപ്രിൽ വരെ ലഭിച്ച സഹായധന അപേക്ഷകളിൽ 30 കേസുകളിലാണ് തുക പാസായത്. ഇതിന്റെ ഉത്തരവ് അദാലത്തിൽ വിതരണം ചെയ്തു. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവരുടെ കുടുംബത്തിന് സർക്കാർ നടപടിക്രമങ്ങൾ ലഘൂകരിച്ചു എത്രയും പെട്ടെന്ന് സഹായധനം ലഭിക്കുന്ന അദാലത്ത് വളരെയധികം ആശ്വാസകരമാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. 

മരണപ്പെട്ട ആൾക്ക് പകരം ഒന്നുമാകില്ലെങ്കിലും സമയബന്ധിതമായി സഹായധനം വിതരണം ചെയ്യാൻ കഴിഞ്ഞാൽ കുടുംബക്കാർക്ക് വലിയ ആശ്വാസമാകും. ആ രീതിയിൽ സങ്കടമുള്ള ആളുടെ ഒപ്പം നിൽക്കുകയാണ് സംസ്ഥാന സർക്കാറെന്ന് ടി.ഒ മോഹനൻ എംഎൽഎ പറഞ്ഞു. പരിപാടിയിൽ നോർത്തൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി. എൻ അഞ്ജൻ കുമാർ അധ്യക്ഷത വഹിച്ചു.

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിസിലി കണ്ണന്താനം, കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പ്രഹ്ലാദൻ,  ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പവിന കാരായി, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ. ത്രേസ്യ പോൾ, അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി വിശ്വനാഥൻ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ്, ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടെസി ബെന്നി, ചെറുപുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജി, പ്രിൻസ്, കണ്ണൂർ ഡിഎഫ്ഒ കെ. സജി, കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് ബോധവൽക്കരണ ക്ലാസുകൾ നടന്നു.

Tags