ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്ട്ര നിലവാരത്തിൽ

KCL Goes High-Tech: DRS and Live Broadcasting Now at International Standards

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ വിധിനിർണ്ണയവും തത്സമയ സംപ്രേഷണവും അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഇതിനായി ഈ സീസൺ മുതൽ അത്യാധുനിക 'ഹോക് ഐ' ബോൾ ട്രാക്കിങ് സംവിധാനവും ഡിആർഎസും ഏർപ്പെടുത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ കരാറൊപ്പിട്ടു. ഐപിഎല്ലിലും അന്താരാഷ്ട്ര മത്സരങ്ങളിലും ഉപയോഗിക്കുന്ന നവീന സാങ്കേതികവിദ്യയാണ് ഇത്തവണ കെസിഎല്ലിലും എത്തുന്നത്.

കഴിഞ്ഞ സീസണിൽ പ്രാദേശിക ലീഗ് തലത്തിലുള്ള ബോൾ ട്രാക്കിങ് സംവിധാനമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ, ഇത്തവണ കൂടുതൽ കൃത്യത ഉറപ്പാക്കാൻ ഹൈ-ടെക് സംവിധാനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഹോക് ഐ സംവിധാനം ഏർപ്പെടുത്തിയത്. ഇതിനായി തത്സമയ സംപ്രേഷണ ക്യാമറകൾക്ക് പുറമേ 6 മുതൽ 10 വരെ പ്രത്യേക ക്യാമറകൾ സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും. ഇതിലൂടെ ബോൾ ട്രാക്കിങ്, അൾട്രാ എഡ്ജ് സാങ്കേതികവിദ്യ, കൃത്യമായ എൽബിഡബ്ല്യു-റൺഔട്ട് റീപ്ലേകൾ എന്നിവ സാധ്യമാകും.

പുതിയ സംവിധാനം എത്തുന്നതോടെ വേഗമേറിയതും കൃത്യതയാർന്നതുമായ വിധിനിർണ്ണയം സാധ്യമാകും. ഹോക് ഐ ടെക്നോളജിയോടൊപ്പം തത്സമയ സംപ്രേഷണം കൂടുതൽ ആവേശകരമാക്കാൻ വിപുലമായ 'ബ്രോഡ്കാസ്റ്റ് എൻഹാൻസ്മെന്റ് ടൂളുകളും' ലഭ്യമാക്കും. ഇത് പ്രേക്ഷകർക്ക് മുൻപെങ്ങുമില്ലാത്തവിധം മികച്ച കാഴ്ചാനുഭവം ലഭ്യമാക്കും. പന്തിന്റെ ഗതിയും ബാറ്റർമാരുടെ ചലനങ്ങളും വ്യക്തമായി വിശകലനം ചെയ്യുന്ന സ്പോട്ട് റീപ്ലേകൾ, കളിക്കാർ കൂടുതൽ സ്കോർ ചെയ്യുന്ന മേഖലകൾ, സിക്സറുകളുടെ ദൂരം തുടങ്ങിയവയും ഇതിലൂടെ സംപ്രേഷണത്തിൽ ഉൾപ്പെടുത്താൻ കഴിയും. ലോകമെമ്പാടുമുള്ള ട്വന്റി-20 ഫ്രാഞ്ചൈസി ലീഗുകളിൽ പരീക്ഷിച്ച് വിജയിച്ച ഈ സംവിധാനങ്ങൾ കെസിഎല്ലിന്റെ ദൃശ്യാനുഭവം മാറ്റിമറിക്കും.ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്കും വൈകിട്ട് 6.45നുമാണ് മത്സരങ്ങൾ നടക്കുന്നത്.സ്റ്റാർ സ്പോർട്സിലും ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെയും മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും.

Tags