രാജ്യാന്തര മിനി മാരത്തണിനൊരുങ്ങി മലയോരം;നാളെ പങ്കെടുക്കുന്നത് ആയിരത്തിലധികം പേര്‍

The mountain range is gearing up for the international mini marathon; more than a thousand people will participate tomorrow
The mountain range is gearing up for the international mini marathon; more than a thousand people will participate tomorrow


ഇരിക്കൂർ :ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ ടൂറിസത്തെ ലോക ശ്രദ്ധയിലേക്ക് ആകര്‍ഷിക്കുന്നതിന് ഡിടിപിസിയും ഇരിക്കൂര്‍ ടൂറിസം ആന്‍ഡ് ഇന്നോവേഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന റണ്‍ പാലക്കയം തട്ട് ഇരിക്കൂര്‍ ടൂറിസം രാജ്യാന്തര മിനി മാരത്തണിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 13 ന് രാവിലെ ആറ് മണിക്ക് പയ്യാവൂരില്‍ മാരത്തണ്‍ ഫ്ളാഗ് ഓഫ് ചെയ്യും. പുലിക്കുരുമ്പയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ അഡ്വ. സണ്ണി ജോസഫ് എം എല്‍ എ സമ്മാനദാനം നിര്‍വഹിക്കും.

tRootC1469263">

12.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുളള മിനി മാരത്തണില്‍ എതോപ്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛണ്ഢീഗഡ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി നൂറു കണക്കിന് അത് ലറ്റുകള്‍ വ്യത്യസ്ത കാറ്റഗറികളിലായി പങ്കെടുക്കും. കൂടാതെ ജനപ്രതിനിധികള്‍ അടങ്ങിയ രാഷ്ട്രീയ - സാമൂഹ്യ - കലാ - കായിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. 
പ്രാദേശിക പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് എല്ലാ വിഭാഗക്കാര്‍ക്കും പങ്കെടുക്കാവുന്ന നാല് കിലോമീറ്റര്‍ റണ്‍ ഫോര്‍ ഫണും ഇതിന്റെ ഭാഗമായി നടക്കും. സ്ത്രീ, പുരുഷന്‍, ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങളിലായി നടത്തുന്ന മിനി മാരത്തണില്‍ 18- 35 വയസ്, 36- 45 വയസ്, 46 വയസ് മുതല്‍ മുകളിലോട്ട് എന്നീ കാറ്റഗറികളില്‍ വിജയികളെ തെരഞ്ഞെടുക്കും. രണ്ടര ലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകളാണ് വിജയികള്‍ക്ക് നല്‍കുക. മാരത്തണ്‍ പൂര്‍ത്തിയാക്കുന്ന മുഴുവന്‍ പേര്‍ക്കും മെഡലും സര്‍ട്ടിഫിക്കറ്റും ലഭിക്കും. മത്സരം പൂര്‍ത്തീകരിക്കുന്ന 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ക്യാഷ് പ്രൈസ് ഉണ്ടാകും. 

എന്‍ സി സി, എസ് പി സി, വിമുക്ത ഭടന്‍മാര്‍, യുവജന സംഘടനകള്‍, മറ്റു വിവിധ സംഘടനകള്‍, ക്ലബ്ബുകളില്‍ എന്നിവിടങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത ഇരുനൂറോളം വളയണ്ടിയര്‍മാര്‍ മത്സരാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി അണിനിരക്കും. മത്സരത്തിന്റെ സ്റ്റാര്‍ട്ട്, ഫിനിഷ് ലൈന്‍, യു ടേണുകള്‍ എന്നിവ കായിക അധ്യാപകരുടെ നേതൃത്വത്തില്‍ നിരീക്ഷിക്കും. ആരോഗ്യ സുരക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരടങ്ങിയ അത്യാധുനിക സൗകര്യത്തോടു കൂടിയ ആംബുലന്‍സ് മാരത്തണിന്റെ മുന്നിലും പുറകിലുമായി സജ്ജീകരിക്കും. മാരത്തണ്‍ റൂട്ടില്‍ രണ്ട് കിലോമീറ്റര്‍ ഇടവിട്ട് വാട്ടര്‍ പോയിന്റും ഫസ്റ്റ് എയിഡ് സംവിധാനവും ഉറപ്പുവരുത്തും. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പോലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയ സേനാവിഭാഗങ്ങളുടെ സഹായവുമുണ്ട്. 

മാരത്തണില്‍ പങ്കെടുക്കാനെത്തുന്ന കായിക താരങ്ങള്‍ക്ക് പയ്യാവൂരില്‍ എത്തിച്ചേരുന്നതിന് റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും താമസ സൗകര്യം ഒരുക്കുകയും  ചെയ്തിട്ടുണ്ട്. ഇതിനായി പയ്യാവൂരില്‍ സെപ്റ്റംബര്‍ 12 ന് രാവിലെ 10 മണി മുതല്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിക്കും. മത്സരത്തിനു ശേഷം മാരത്തണിന്റെ ഭാഗമായ മുഴുവന്‍ പേര്‍ക്കും ഭക്ഷണവും കായിക താരങ്ങള്‍ക്ക് പുലിക്കുരുമ്പയില്‍ നിന്ന് പയ്യാവൂരില്‍ എത്തിച്ചേരാനുളള വാഹന സൗകര്യവും ഏര്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു.

ഇരിക്കൂറിന്റെ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന ഈ രാജ്യാന്തര മാരത്തണിലൂടെ  പാലക്കയം തട്ട്, പൈതല്‍മല, കാഞ്ഞിരക്കൊല്ലി, കലാങ്കി, തിരുനെറ്റിക്കല്ല് തുടങ്ങിയ അനന്തമായ ടൂറിസം സാധ്യതകളെയും മാമാനികുന്ന് ദേവി ക്ഷേത്രം, നിലാമുറ്റം പളളി, ചെമ്പേരി ബസലിക്ക, വിളക്കന്നുര്‍ ദിവ്യ കാരുണ്യ അത്ഭുത ദേവാലയം, പയ്യാവൂര്‍ ശിവക്ഷേത്രം, കുന്നത്തൂര്‍പാടി മുത്തപ്പ ക്ഷേത്രം, ശ്രീകണ്ഠാപുരം പഴയങ്ങാടി മാലിക് ദീനാര്‍ മക്മ്പറ, മടമ്പം ഫെറോന ചര്‍ച്ച് തുടങ്ങിയ തീര്‍ഥാടന ടൂറിസവും ലോകത്തിന്റെ മുന്നിലെത്തിക്കാനാകുമെന്ന്  അഡ്വ. സജീവ് ജോസഫ് എം എല്‍ എ പറഞ്ഞു.

ശ്രീകണ്ഠാപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളി, പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്‍, എരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, ഇരിക്കൂര്‍ ഇന്നോവേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പി.ടി മാത്യു, എന്നിവരും പങ്കെടുത്തു.

Tags