വികരാധീനനായി തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാർഥി കൊയ്യം ജനാർദ്ദനൻ, 'മകൾ അയച്ചു തന്ന പൈസകൊണ്ടാണ് നോമിനേഷൻ കൊടുത്തത്
ഇന്നലെ വരെ എതിർചേരിയിൽ നിന്ന് കോൺഗ്രസുകാരെ ആക്രമിക്കാൻ നേതൃത്വം കൊടുത്ത വ്യക്തിയാണ് ടി.കെ ഗോവിന്ദൻ. ത്രിവർണ്ണ ഷാളിനോട് അലർജിയാണെന്ന് പറയുന്ന, പിണറായി വിജയനെ ഇപ്പോഴും നേതാവായി കാണുന്ന ഒരാളെ എങ്ങനെ പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയും
തളിപ്പറമ്പ് : തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാർഥിയായ മുൻ കെ.പി.സി.സി അംഗം കൊയ്യം ജനാർദ്ദനൻ നടത്തിയ വെളിപ്പെടുത്തലുകൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ പ്രകമ്പനമാണ് സൃഷ്ടിക്കുന്നത്. നേതൃത്വത്തിന്റെ പിന്മാറാനുള്ള ആവശ്യം തള്ളിക്കൊണ്ട്, ജനങ്ങളുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അറുപത് വർഷത്തിലേറെ പ്രവർത്തിച്ച പാർട്ടിയെ തള്ളിപ്പറഞ്ഞ് എത്തിയ ടി.കെ ഗോവിന്ദനെ സ്ഥാനാർത്ഥിയാക്കിയ നടപടി വഞ്ചനാപരമാണെന്നും വാർത്താസമ്മേളനത്തിൽ കൊയ്യം ജനാർദ്ദനൻ പറഞ്ഞു. തന്നെ പുറത്താക്കിയതിൽ സന്തോഷമേയുള്ളൂ എന്നും ഇനി ജനങ്ങളോട് മാത്രമാണ് തന്റെ കടപ്പാടെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അറുപത് വർഷത്തിലേറെയായി പാർട്ടിയെയും യു.ഡി.എഫിനെയും എതിർക്കുകയും പ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ടി.കെ ഗോവിന്ദന് സീറ്റ് നൽകിയതിലുള്ള പ്രതിഷേധമാണ് കൊയ്യം ജനാർദ്ദനൻ പരസ്യമാക്കിയത്. പിന്മാറാൻ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ സ്വതന്ത്രനായി രംഗത്തിറങ്ങുന്നത്. കോൺഗ്രസ് ചിഹ്നത്തിൽ ഒരാൾ മത്സരിക്കണമെന്ന സാധാരണ പ്രവർത്തകന്റെ ആഗ്രഹമാണ് തന്റെ കരുത്തെന്നും ഇതിനായി പാർട്ടി നേതൃത്വത്തോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വരെ എതിർചേരിയിൽ നിന്ന് കോൺഗ്രസുകാരെ ആക്രമിക്കാൻ നേതൃത്വം കൊടുത്ത വ്യക്തിയാണ് ടി.കെ ഗോവിന്ദൻ. ത്രിവർണ്ണ ഷാളിനോട് അലർജിയാണെന്ന് പറയുന്ന, പിണറായി വിജയനെ ഇപ്പോഴും നേതാവായി കാണുന്ന ഒരാളെ എങ്ങനെ പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയും.
സ്വന്തം പാർട്ടിക്കാരെ അവഗണിച്ച് ഇത്തരം വ്യക്തികളെ കെട്ടിയിറക്കുന്നത് വൃത്തികെട്ട തീരുമാനമാണെന്നും അരിയിൽ ഷുക്കൂറിന്റെ ആത്മാവ് ഇത് കാണുന്നുണ്ടെന്നും അദ്ദേഹം വൈകാരികമായി ഓർമ്മിപ്പിച്ചു. തന്റെ കയ്യിൽ ആകെ 304 രൂപ മാത്രമാണുള്ളതെന്നും പണമില്ലാത്ത തന്നെ ജനങ്ങൾ സഹായിക്കുമെന്നും പറഞ്ഞ കൊയ്യം ജനാർദ്ദനൻ്റെ വാക്കുകൾ ഇടറുകയും കണ്ണുകൾ നിറയുകയും ചെയ്തു.
തനിക്കെതിരെ പണമിടപാട് ആരോപിക്കുന്നവർ സ്ഥാനത്തിന് വേണ്ടി കോഴ വാങ്ങുന്നവരാണെന്ന് തുറന്നടിച്ച കൊയ്യം ജനാർദ്ദനൻ, തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ സന്തോഷമേയുള്ളൂ, കാരണം ഇനി തന്റെ മേൽ ആരുടെയും നിയന്ത്രണമില്ല.
സി.പി.എം തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും മരണം വരെ താനൊരു കോൺഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. ശനിയാഴ്ച്ച മലപ്പട്ടത്ത് ഗിന്നസ് പത്മരാജൻ പ്രചരണം ഉദ്ഘാടനം ചെയ്യുന്നതോടെ തളിപ്പറമ്പിലെ പോരാട്ടം പുതിയ വഴിത്തിരിവിലാകും.
.jpg)


