പ്രൗഢമായി കണ്ണൂർ ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം ; ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്
കണ്ണൂർ:പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യവും ഭരണഘടനയും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനും അവ ശക്തമായി മുന്നോട്ടുകൊണ്ടുപോവാനും സ്വാതന്ത്യദിന ചിന്തകൾ ശക്തിപകരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. എൺപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കലക്ടറേറ്റ് മൈതാനിയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്ത് വിഘടനവാദവും ഭീകരവാദവും വർഗീയവാദവും ശക്തിപ്പെടുമ്പോൾ രാജ്യസ്നേഹത്തിന്റെ കൊടിക്കീഴിൽ ഒന്നിച്ചുനിൽക്കാൻ നമുക്ക് കഴിയണം. അക്രമരഹിതവും സത്യഗ്രഹ മാർഗത്തിലുള്ളതുമായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം ലോകചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ടവയാണ്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയും രാഷ്ട്ര ശിൽപി പണ്ഡിറ്റ് നെഹ്റുവും ഉൾപ്പെടെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ സ്വാതന്ത്ര്യപ്പോരാളികളുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് നമ്മുടെ സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യം രാജ്യത്തിന്റെ നന്മയ്ക്കും പുരോഗതിക്കുമായി വിനിയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനാധിപത്യവും മതേതരത്തവും വിഭാവന ചെയ്യുന്ന മാതൃകാപരമായ ഒരു ഭരണഘടന നാം സ്വന്തമാക്കിയത്. ലോകത്തിനു മുമ്പിൽ ഇന്ത്യ തലയെടുപ്പുള്ള ജനാധിപത്യ മതേതര പരമാധികാര രാജ്യമായി നിലനിൽക്കണമെങ്കിൽ നാം നേടിയെടുത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടതുണ്ട്.
ജനങ്ങളുടെ ജീവിത സൗകര്യങ്ങൾ വർധിപ്പിക്കാനാവണം. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും വാണിജ്യ- വ്യവസായ-കാർഷിക- ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലും വൻ കുതിച്ചുചാട്ടമാണ് രാജ്യം ഇതിനകം കൈവരിച്ചത്. കൂടുതൽ വലിയ ഉയരങ്ങളിലേക്ക് രാജ്യത്തെ നയിക്കാനുള്ള പ്രതിജ്ഞ പുതുക്കാനുള്ള അവസരമാണിതെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്ച്ചരാവിലെ 9 മണിയോടെ ദേശീയ പതാക ഉയർത്തിയ മന്ത്രി പരേഡ് പരിശോധിച്ചു. തുടർന്ന് നടന്ന വർണശബളമായ മാർച്ച് പാസ്റ്റിൽ വിവിധ വിഭാഗങ്ങളിലായി 24 പ്ലാറ്റൂണുകൾ അണിനിരന്നു. തുടർന്ന് റിവ്യൂ ഓർഡർ മാർച്ച് വിശിഷ്ടാതിഥിക്ക് അഭിവാദ്യം അർപ്പിച്ചു. പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ച വിവിധ വിഭാഗങ്ങളിലെ ജേതാക്കൾക്ക് മന്ത്രി സമ്മാനം വിതരണം ചെയ്തു.
ജില്ലാ കലക്ടർ പി വിഷ്ണുരാജ്, സിറ്റി പോലിസ് കമ്മീഷണർ ബി വി വിജയ ഭരത് റെഡ്ഡി, റൂറൽ പോലിസ് മേധാവി ഉമേഷ് ഗോയൽ എന്നിവരും പരേഡിന് അഭിവാദ്യം അർപ്പിച്ചു. മേയർ അഡ്വ. പി ഇന്ദിര, എംഎൽഎമാരായ ടി ഒ മോഹനൻ, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, അസിസ്റ്റന്റ് കലക്ടർ എസ് സ്വാതി, മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ലിഷ ദീപക്, എഡിഎം പി എൻ പുരുഷോത്തമൻ, എച്ച് എസ് രാജേഷ് ഖന്ന, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, പൊതുജനങ്ങൾ തുടങ്ങിയവർ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കാളികളായി.
മാങ്ങാട്ട്പറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ, കണ്ണൂർ സിറ്റി പോലീസ്, കണ്ണൂർ റൂറൽ ജില്ലാ പോലീസ്, വനിതാ പോലീസ്, എക്സൈസ്, വനംവകുപ്പ്, എൻ.സി.സി-4, എസ്.പി.സി-6, സ്‌കൗട്ട്-2, ഗൈഡ്‌സ്-2, റെഡ് ക്രോസ്-4 എന്നിങ്ങനെ 24 പ്ലറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്. മട്ടന്നൂർ എയർപോർട്ട് പോലിസ് ഇൻസ്പെക്ടർ കെ ആർ ബിജുവായിരുന്നു പരേഡ് കമാന്റർ. ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് റിസർവ് സബ് ഇൻസ്പെക്ടർ കെ സുജിത്ത് കുമാർ സെക്കന്റ് ഇൻ കമാൻഡായി. ഡി.എസ്.സി, ആർമി പബ്ലിക് സ്‌കൂൾ, കടമ്പൂർ എച്ച്.എസ്.എസ് എന്നിവയുടെ ബാൻഡുകൾ പരേഡിന് താളക്കൊഴുപ്പേകി. ജില്ലയിലെ സംഗീത അധ്യാപകർ ചേർന്നാലപിച്ച ദേശഭക്തിഗാനത്തോടെ ആഘോഷച്ചടങ്ങുകൾ സമാപിച്ചു.
സേനാവിഭാഗത്തിൽ മാങ്ങാട്ടുപറമ്പ് കെ പി നാലാം ബറ്റാലിയൻ, എൻസിസി സീനിയർ വിഭാഗത്തിൽ എസ് എൻ കോളേജ്, എൻസിസി ജൂനിയർ വിഭാഗത്തിൽ ആർമി പബ്ലിക് സ്‌കൂൾ, എസ്പിസി വിഭാഗത്തിൽ അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്‌കൂൾ, സ്‌കൗട്ട് വിഭാഗത്തിൽ എസ് എൻ ട്രസ്റ്റ് തോട്ടട, ഗൈഡ്സ് വിഭാഗത്തിൽ കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ, റെഡ് ക്രോസ് ബോയ്‌സ് വിഭാഗത്തിൽ കാടാച്ചിറ ഹയർ സെക്കൻഡറി സ്‌കൂൾ, റെഡ് ക്രോസ് ഗേൾസ് വിഭാഗത്തിൽ കൂടാളി ഹയർസെക്കൻഡറി സ്‌കൂൾ എന്നിവ മികച്ച പ്ലറ്റൂണുകളായി തെരഞ്ഞെടുക്കപ്പെട്ടു.
.jpg)

