ലഹരിയെ അകറ്റി നിർത്താൻ സ്പോർട്സിന് മാത്രമേ കഴിയൂ : ഐ.എം വിജയൻ


ഇരിക്കൂർ : നമ്മുടെ നാട്ടിൽ ഒരു കളിക്കളം തുറക്കുമ്പോൾ ഒരു ജയിൽ അടക്കുകയാണെന്ന് പ്രശസ്ത ഫുട്ബോളർ പത്മശ്രീ ഐ.എം വിജയൻ പറഞ്ഞു. പട്ടാന്നൂർ കെ.പി.സി ഹയർ സെക്കൻഡറി സ്കൂളിൽ കൊയിലിപാഞ്ചാലി അമ്മ മെമ്മോറിയൽസ്പോർട്സ് കോംപ്ളക്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയടക്കമുള്ള കാര്യങ്ങൾ പൊതുവെ പിടി മുറുക്കുമ്പോൾ അതിനെ പ്രതിരോധിക്കാനും അകറ്റി നിർത്താനും സ്പോർട്ട്സിന് മാത്രമേ കഴിയുകയുള്ളു. അത്തരത്തിൽ നോക്കുമ്പോൾ ഇവിടെ ഒരു കായിക കോംപ്ളക്സ് നിർമ്മിച്ച മാനേജ്മെൻ്റ് നടപടി അഭിനന്ദിക്കപ്പെടേണ്ടതാണ്. ഇത്തരം സൗകര്യങ്ങൾ കുട്ടികൾ ഉപയോഗിക്കണം.

ഫുട്ബോളൊക്കെ നന്നായി കളിച്ചാൽ ഉയരങ്ങളിലെത്താനുള്ള സാദ്ധ്യതകൾ ഇന്നുണ്ടെന്ന് ഐ.എം വിജയൻ പറഞ്ഞു. സ്കൂൾ മാനേജർ എ.കെ മനോഹരൻ ചടങ്ങിൽ അദ്ധ്യക്ഷനായി. കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കൊടെരി മുഖ്യാതിഥിയായി.
വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഷൈമ ഉപഹാര വിതരണം നടത്തി. എ.സി മനോജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലഫ്.ജനറൽ വിനോദ് നായനാർ,പി.ടി.എ പ്രസിഡൻ്റ് കെ.മനോജ് സംസാരിച്ചു. വി.ബിന്ദു സ്വാഗതം പറഞ്ഞു.