കൊട്ടിയൂര്‍ പെരുമാളുടെ സന്നിധിയിൽ ഇളനീര്‍ വയ്പ് നടന്നു; ഇന്ന് ഇളനീരാട്ടം

Ilanir Vayip was held in the presence of Kottiyoor Perumal; Ilanirattam is celebrated today

കൊട്ടിയൂർ പെരുമാളുടെ സന്നിധിയിൽ ഇളനീര്‍ വയ്പ് നടന്നു. പാരമ്പര്യ അവകാശികളായ തണ്ടയാന്മാര്‍ ആണ് പെരുമാൾക്ക് ഇളനീര്‍ സമർപ്പിച്ചത്. ഇന്ന് രാത്രി ഇളനീരാട്ടം നടക്കും. ഇന്നലെ രാത്രി അക്കരെ കൊട്ടി യൂരില്‍ സമര്‍പ്പിച്ച ഇളനീരുകള്‍ ഇന്നു രാവിലെ മുതല്‍ കാര്യത്ത് കൈക്കോളനും സംഘവും ചേര്‍ന്നു മുഖം ചെത്തി മണിത്തറയില്‍ കൂട്ടും. ഇന്നലെ രാത്രി പന്തീരടി പൂജ പൂര്‍ത്തീകരിച്ച ശേഷം ആണ് ഇളനീര്‍വയ്പ് ചടങ്ങുകള്‍ നടത്തിയത്. വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ നിന്നും എരുവട്ടിത്തണ്ടയാൻ എണ്ണയും ഇളനീരുമായി വൈകുന്നേരത്തോടെ കൊട്ടിയൂരിൽ എത്തിച്ചേർന്നിരുന്നു. വീരഭദ്രവേഷം ധരിച്ച അഞ്ഞൂറ്റാന്‍ തിരുവഞ്ചിറയുടെ കിഴക്കെ നടയില്‍ ഒറ്റക്കാലില്‍ നിന്നു ഭക്തരെ അനുഗ്രഹിച്ചു. വിവിധ മടങ്ങളിൽ നിന്നും വ്രതമെടുത്ത്, കഞ്ഞിപ്പുരകളില്‍ താമസിച്ച്, ദീർഘദൂരം കാൽനടയായി വന്ന ഇളനീർ വ്രതക്കാര്‍  ഇന്നലെ സന്ധ്യ വരെ കൊട്ടിയൂരിലേക്ക് ഇളനീരുകള്‍ എഴുന്നള്ളിച്ചെത്തി. ആയിരക്കണക്കിന് ഇളനീർ കാവുകളാണ് മന്ദംചേരിയിൽ സൂക്ഷിച്ചത്. ബാവലി പുഴയില്‍ മുക്കിച്ചെന നടത്തിയ ശേഷം വ്രതക്കാർ ഇളനീര്‍ വയ്പിനു മുഹൂര്‍ത്തം കാത്തിരുന്നു.

 കുടിപതി കാരണവർ വെള്ളിക്കിടാരം വച്ച് ഇളനീര്‍ വയ്പിനുള്ള രാശി വിളിച്ചതോടെ ഇളനീർക്കാർ ഓരോ സംഘമായി ബാവലി പുഴയിലിറങ്ങി കാവടക്കം മുങ്ങി നിവര്‍ന്നാണ് അക്കരെ സന്നിധാനത്തേക്ക് പ്രവേശിച്ചത്. തട്ടും പോളയും വച്ച സ്ഥാനത്ത് മൂന്നു തവണ വലം വച്ച് കാവ് സമര്‍പ്പിച്ചു.
തുടര്‍ന്ന് ഭണ്ഡാരം പെരുക്കിയ ശേഷം വീരഭദ്രനെ വണങ്ങി ഇളനീർ സംഘം മടങ്ങി. ഇളനീർ വെപ്പിനൊപ്പം എരുവട്ടി തണ്ടയാൻ ഒരുകുടം എള്ളെണ്ണയും സമർപ്പിച്ചു ഏറ്റവും ഒടുവിൽ ആയിരുന്നു എണ്ണ സമർപ്പണം. കത്തി തണ്ടയാന്മാർ ഇളനീർ ചെത്തുന്നതിനുള്ള കത്തികളും സമർപ്പിച്ചു. വാക്കന്റെ കുഴലൂത്തിന്റെയും, മുന്നൂറ്റാന്റെ ചീന വാദ്യത്തിന്റെയും ശബ്ദദ്വനിയിൽ നടന്ന ഇളനീർ വെപ്പ് ഭക്തിസാന്ദ്രമായി. ആയിരക്കണക്കിന് ഭക്തജന സാഗരത്തെ സാക്ഷിയാക്കിയാണ് പെരുമാൾക്ക് തിരുവഞ്ചിറയിൽ ഇളനീർ സമർപ്പിച്ചത്.


 

Tags