കണ്ണൂർ ഊരത്തൂരിൽ കശുവണ്ടി തൊഴിലാളിയായ യുവതിയുടെ മരണം കൊലപാതകം: ഭർത്താവ് റിമാൻഡിൽ

Death of young cashew worker in Kannur's Urathur murder: Husband in remand
Death of young cashew worker in Kannur's Urathur murder: Husband in remand

 
 ഇരിക്കൂർ : കശുവണ്ടി വിളവെടുപ്പ് ജോലിക്കായി വയനാട്ടില്‍ നിന്നും ഇരിക്കൂർ മേഖലയിലെ ഊരത്തൂരിലെത്തിയ ആദിവാസി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലിസ് അറസ്റ്റു ചെയ്തു. 

പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മർദ്ദനമേൽക്കുകയും ആന്തരികാവയവങ്ങൾക്കു ക്ഷതമേൽക്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു. തല തറയിലിടിച്ചതിനാൽ ഗുരുതരമായി പിൻ ഭാഗത്ത് പരുക്കേറ്റിരുന്നു. ഇതുകൂടാതെ ദേഹത്ത് മർദ്ദനമേറ്റ പരുക്കുകളുമുണ്ടായിരുന്നു. ഇതാണ് കൊലപാതകമാണെന്നു തെളിയാൻ കാരണമായത്. 

വയനാട് തലപ്പുഴ പെരിയ ഇരുമനത്തൂര്‍ കരിമന്തം പണിയ ഉന്നതിയിലെ ആലാറ്റില്‍ രജനിയാ(37)ണ് താമസസ്ഥലത്ത് മരിച്ചത്. ആദി വാസിയുവതി കൊല്ലപ്പെട്ടതാണെന്ന പ്രാഥമിക നിഗമനത്താല്‍ ഇരിക്കൂര്‍ സി. ഐ രാജേഷ് ആയോടന്റെ നേതൃത്വത്തിലാണ് ഭര്‍ത്താവ് ബാബുവിനെ (41) അന്നേ ദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കും വയറിനുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ബാബുവിനെ അറസ്റ്റു ചെയ്തു കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതെന്ന് ഇരിക്കൂർപൊലിസ് അറിയിച്ചു.

ഇരിക്കൂര്‍ ബ്‌ളാത്തൂര്‍ സ്വദേശി ആഷിഖ് പാട്ടത്തിനായെടുത്ത തോട്ടത്തില്‍ കശുവണ്ടി വിളവെടുപ്പിനായി വയനാട്ടിൽ നിന്നും കൂലിപ്പണിക്കായി കൊണ്ടുവന്നതായിരുന്നു ദമ്പതികളെ. ചെങ്കല്‍ കൊത്തിയൊഴിഞ്ഞ ഊരത്തൂരിലെ പണയില്‍ ഷെഡ് കെട്ടിയാണ് ദമ്പതികള്‍ താമസിച്ചുവന്നിരുന്നത്. ഇവര്‍ക്ക് ഏഴുകുട്ടികളാണുളളത്. അതില്‍ അഞ്ചു പേര്‍ വയനാട്ടിലും രണ്ടു ചെറിയ കുട്ടികള്‍ ദമ്പതികളോടൊപ്പവുമാണ് താമസിച്ചിരുന്നത്. ഞായറാഴ്ച്ച രാത്രി ബീവറേജ് സിൽ നിന്നും മദ്യംവാങ്ങി കൊണ്ടുവന്ന് ഇരുവരും ധാരാളം കുടിച്ചതായും ഇതിനു ശേഷം വഴക്കുണ്ടായതായും അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. 

തിങ്കളാഴ്ച്ച പുലര്‍ച്ചെ താന്‍ എഴുന്നേറ്റപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ബാബു തന്നെയാണ് അയല്‍വാസികളെ അറിയിച്ചത്. ഇരിക്കൂര്‍ പൊലിസെത്തി ഇന്‍ക്വസ്റ്റ് നടത്തിയപ്പോഴാണ് യുവതിയുടെ ശരീരത്തില്‍ പലയിടത്തും മുറിവുകള്‍ കണ്ടെത്തിയത്.
 വയനാട്ടില്‍ താമസിച്ചുവരവെ ഭാര്യയെ മദ്യലഹരിയില്‍ മര്‍ദ്ദിച്ചു പരുക്കേല്‍പ്പിച്ചതിന് ബാബുവിനെതിരെ പൊലിസ് കേസെടുത്തിരുന്നു. തലയോലപുഴയില്‍ മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.  

 മൃതദ്ദേഹം കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടം നടത്തി നിയമനടപടികൾ പൂർത്തിയാക്കിയതിനു ശേഷം ബന്ധുക്കള്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി വിട്ടുകൊടുത്തു. ബബിത, സവിത, അഞ്ജലി, ബബീഷ്, രജീഷ്, രഞ്‌ജേഷ്,ബിജിന്‍ ബാബു എന്നിവരാണ് മക്കള്‍. ഇതില്‍ അഞ്ചുവയസുളള രഞ്‌ജേഷും നാലുവയസുളള ബിബിന്‍ബാബുവുമാണ് ഇവരോടൊപ്പമുണ്ടായിരുന്നത്. ഇരിട്ടി ഡി.വൈ. എസ്. പി പി.കെ ധനഞ്ജയന്‍ നടത്തിയ ചോദ്യം ചെയ്യലിൽ ബാബു മദ്യലഹരിയാൻ ഭാര്യ രജനിയെ മർദ്ദിച്ചതായി സമ്മതിച്ചിരുന്നു. ഇവരോടൊപ്പം കശുവണ്ടി വിളവെടുപ്പിനായി മറ്റു ആദിവാസി കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഇവർ നൽകിയ മൊഴിയാണ് ബാബുവിൻ്റെ അറസ്റ്റിലേക്ക് നയിച്ചത്.

Tags