ഹോർട്ടി കോർപ് കണ്ണൂർ ജില്ലാ ഫാം ക്ലബ് വാർഷികവും കർഷക സംഗമവും 5ന്
കണ്ണൂർ: കേരള സംസ്ഥാന ഹോർട്ടികൾച്ചറൽ പ്രൊഡക്ടസ് ഡവലപ്പ്മെന്റ് കോർപറേഷന് ഹോർട്ടി കോർപ് കണ്ണൂർ ജില്ലാ ഫാം ക്ലബ് വാർഷികവും കർഷക സംഗമവും അഞ്ചിന് രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ കർഷകർക്ക് ന്യായവില ഉറപ്പാക്കി പച്ചക്കറികൾ ശേഖരിച്ച് ജനങ്ങൾക്ക് മിതമായ നിരക്കിൽ നൽകി വരുന്ന ഹോർട്ടി കോർപിന്റെ കണ്ണൂർ ജില്ലയിലെ ഫാം ക്ലബിൽ 300 കർഷകർ അംഗങ്ങളായുണ്ടെന്ന് ചെയർമാൻ എസ്. ഗോപകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓണം, വിഷു മറ്റ് ആഘോഷ ദിനങ്ങൾ എന്നിവയ്ക്ക് മുന്പ് തന്നെ വില നിശ്ചയിച്ച് കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ ഉറപ്പാക്കി വിപണിയിലെത്തിക്കുകയാണ് ഹോർട്ടി കോർപ് ചെയ്യുന്നത്.
പൊതു കമ്പോളത്തിലെ വിലയെക്കാളും 30 ശതമാനം വരെ വിലകുറച്ച് ഉപഭോക്താക്കളിലെത്തിക്കുന്നതിലൂടെ വിലക്കയറ്റം പിടിച്ചു നിർത്താൻ ഹോർട്ടി കോർപിന്റെ ഇടപെടലിലൂടെ സാധ്യമാകുന്നുണ്ട്. ഓണത്തിന് പച്ചക്കറി ഉത്പന്നങ്ങൾ നൽകിയ കർഷകർക്ക് നൽകാനുള്ള കുടിശിക ഏതാണ്ട് കൊടുത്തു തീർത്തു വരുന്നതായും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ. പ്രദീപ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ തുളസി എന്നിവരും പങ്കെടുത്തു.