ബി.ജെ.പി പ്രവർത്തകൻ മൂര്യാട് പ്രമോദിനെ വെട്ടിക്കൊന്ന കേസിൽ 10 പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി ശരിവെച്ചു

High Court upheld the conviction of 10 accused in the case of murder of BJP activist Muriyad Pramod
High Court upheld the conviction of 10 accused in the case of murder of BJP activist Muriyad Pramod

കണ്ണൂർ : കൂത്തുപറമ്പ് മൂര്യാട് അയോധ്യാ നഗറിലെ ബിജെപി പ്രവർത്തകൻ കുമ്പള പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തുകയും സുഹൃത്ത് പ്രകാശനെ വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്ത കേസിൽ പ്രതികളായ പത്ത് സിപിഎം പ്രവർത്തകരുടെ ശിക്ഷ ഹൈക്കോടതി ശരി വെച്ചു.
പ്രതികൾ നൽകിയ അപ്പീൽ തള്ളികൊണ്ടാണ് ഹൈക്കോടതി ശിക്ഷ ശരിവെച്ചത്.

കൂത്തുപറമ്പ് നഗരസഭാംഗവും അഭിഭാഷകനുമുൾപ്പെടെ 10 സിപിഎം പ്രവർത്തകരെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴ അടയ്‌ക്കാനും അഡീഷനൽ സെഷൻസ് കോടതി (നാല്) ജഡ്ജി വി.എൻ.വിജയകുമാർ ശിക്ഷിച്ചിരുന്നു.
കേസിലെ ഒന്നാം പ്രതി സിപിഎം ലോക്കൽ സെക്രട്ടറി താറ്റ്യോട്ട് ബാലകൃഷ്ണൻ വിചാരണയ്‌ക്കിടെ മരിച്ചിരുന്നു.
ഇയാളെ കേസിൽ നിന്നും ഒഴിവാക്കി രണ്ട് മുതൽ 11 വരെ പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് വിശദമായ വാദത്തിന് ശേഷമാണ് ഹൈക്കോടതി വിധി ശരിവച്ചത്.

നഗരസഭാംഗവും തലശ്ശേരി പബ്ലിക് സർവന്റ്സ് ബാങ്ക് കൂത്തുപറമ്പ് ശാഖാ ജീവനക്കാരനുമായ മൂര്യാട് മാണിക്യ പറമ്പത്ത് കുന്നപ്പാടി മനോഹരൻ (51), സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന നാനോൻ പവിത്രൻ (61), പാറക്കെട്ടിൽ വീട്ടിൽ അണ്ണേരി പവിത്രൻ (60), ചാമാളിയിൽ ഹൗസിൽ പാട്ടക്ക ദിനേശൻ (54), മൂര്യാട് കുട്ടിമാക്കൂൽ ഹൗസിൽ ധനേഷ് കളത്തുംകണ്ടി (36), ജാനകി നിലയത്തിൽ കേളോത്ത് ഷാജി എന്ന കോയി ഷാജി (40), അണ്ണേരി വിപിൻ (32), പാട്ടക്ക സുരേഷ്ബാബു (48), കിഴക്കയിൽ ഹൗസിൽ റിജേഷ് പലേരി എന്ന റിജു (34), ഷവിൽ നിവാസിൽ ശശി വളോടത്ത് എന്ന പച്ചടി ശശി (53) എന്നിവരെയാണ് അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

ഇതിൽരണ്ടു മുതൽ 11വരെ പ്രതികൾ 302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിന തടവും 75,000 രൂപ വീതം പിഴയും അടയ്‌ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. 307 വകുപ്പ് പ്രകാരം ഇവർ ഏഴു വർഷം കഠിനതടവും 25,000 രൂപ പിഴയും അടയ്‌ക്കണം.
അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണം. 143, 149 വകുപ്പ് പ്രകാരം ഇവർക്കു മൂന്നു മാസം തടവും 341 വകുപ്പ് പ്രകാരം ഒരു മാസം തടവും വിധിച്ചു.

കേസിലെ രണ്ട്, മൂന്ന്, 11 പ്രതികൾക്ക് 147 വകുപ്പ് പ്രകാരം ഒരു വർഷം കഠിനതടവും നാലു മുതൽ 10വരെ പ്രതികൾക്കു 148 വകുപ്പ് പ്രകാരം രണ്ടു വർഷം കഠിന തടവിനും ശിക്ഷിച്ചു.  പിഴ തുകയിൽ മൂന്നു ലക്ഷം രൂപ വീതം കൊല്ലപ്പെട്ട പ്രമോദിന്റെ അമ്മയ്‌ക്കും ഭാര്യക്കും നൽകാനും നാലു ലക്ഷം രൂപ പരുക്കേറ്റ പ്രകാശനു നൽകാനും അഡീഷനൽ സെഷൻസ് കോടതി ഉത്തരവായിരുന്നു.
2007 ഓഗസ്റ്റ് 16നു രാവിലെ ഏഴിനായിരുന്നു സംഭവം. കോൺക്രീറ്റ് പണിക്കാരായ പ്രമോദും പ്രകാശനും ജോലിക്കു പോകുന്നതിനിടയിൽ മാനന്തേരി മൂര്യാട് ചുള്ളിക്കുന്ന് നിരയിലെ കശുമാവിൻ തോട്ടത്തിൽ വച്ചു പ്രതികൾ വാൾ, കത്തിവാൾ എന്നിവ കൊണ്ട് ആക്രമിച്ചു പ്രമോദിനെ കൊലപ്പെടുത്തുകയും പ്രകാശനെ ഗുരുതരമായി പരുക്കേൽപിക്കുകയും ചെയ്തുവെന്നാണ് കേസ്.

Tags