കനത്ത മലവെള്ളപ്പാച്ചിലിൽ ഉണ്ടായ നാശനഷ്ടം ; തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അടിയന്തര ഇടപെടലോടെ പരിഹാരം
തളിപ്പറമ്പ് : തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് തേർത്തല്ലി ഡിവിഷനിൽപ്പെട്ട മൗവ്വത്താനി കരിവേടകം തിമിരി റോഡിൽ ജല ജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിട്ട ഭാഗം കനത്ത മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചു പോയതിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ടിന്റെ ഇടപെടലിനെ തുടർന്ന് അടിയന്തര പരിഹാരമാകുന്നു. റോഡ്
തകർന്നതിനൊപ്പം മലവെള്ളത്തോടൊപ്പം കുത്തിയൊലിച്ചു വന്ന മണ്ണും കല്ലും പ്രദേശവാസിയായ സാബു തെക്കേത്താനിക്കലിന്റെ വീടിന്റെ പരിസരത്ത് ഉരുൾപൊട്ടലിന് സമാനമായ രീതിയിൽ അടിഞ്ഞുകൂടുകയായിരുന്നു. ഒന്നര കിലോമീറ്ററോളം ദൂരം റോഡ് പൂർണമായും ഗതാഗതയോഗ്യമല്ലാത്ത വിധത്തിലാകുകയും ചെയ്തു.

വിവരമറിഞ്ഞ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ടിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആലക്കോട് പഞ്ചായത്ത് മെംബർമാരായ ഐസക്ക് മുണ്ടിയാനിക്കൽ, ലൂസി സാബു എന്നിവരും പ്രസിഡന്റിനൊപ്പ മുണ്ടായിരുന്നു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വാട്ടർ അതോറിറ്റിയുടെയും ജലജീവൻ മിഷന്റെയും ഉന്നത അധി കാരികളുമായി ബന്ധപ്പെടുകയും പൈപ്പിട്ട ശേഷം റോഡ് കൃത്യമായ രീതിയിൽ ഗതാഗത യോഗ്യമാക്കാത്തതിലുള്ള കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു.
തുടർന്ന് റോഡിൽ അടിഞ്ഞുകൂടിയ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്ത് പാത പൂർവസ്ഥിതിയിലാക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ ഉറപ്പുനൽകി. പ്രദേശത്തെ തകരാറുകൾ പരിഹരിക്കാനുള്ള പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്.
.jpg)

