കേന്ദ്ര അവഗണനയ്ക്കെതിരെ താക്കീതായി സി.പി.എം ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധത്തിൽ ജനസാഗരം ഇരമ്പി


കണ്ണൂർ: കേരളം വളരരുതെന്ന നിലപാടിൽ വളരെ ആസൂത്രിതമായ നീക്കമാണ് സാമ്പത്തിക ഉപരോധത്തിലൂടെ കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ.കേന്ദ്ര സർക്കാർ ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹെഡ് പോസ്റ്റോഫിസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന വിരുദ്ധ നിലപാടുമായി കേരളത്തിലെ യു ഡി എഫും ഇതേ സമീപനത്തോടെ മുന്നോട്ട് പോവുകയാണ്. ഇത്തരം വികസന വിരുദ്ധ നിലപാടുകൾക്കെതിരെ ശശീ തരൂർ, മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളിൽ നിന്നു തന്നെ ഭിന്നാഭിപ്രായം ഉയർന്നുവരികയാണ്. വികസന വിരുദ്ധസമീപനം തുടരുന്നവർക്കെതിരെ ശക്തമായ താക്കീതുമായി അടുത്ത തവണയും കേരളത്തിൽ വീണ്ടും തുടർ ഭരണമുണ്ടാവുമെന്നുംഇ പി പറഞ്ഞു.

കേന്ദ്രസർക്കാരിനെതിരെയുള്ള താക്കീതാണ് ഇന്നത്തെ സമരത്തിലെ ജനപങ്കാളിത്തം. എല്ലാ കാലത്തും അധികാരത്തിലുണ്ടാവും എന്ന ധാരണ കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നവർക്ക് വേണ്ട. കേരളമെന്ന പദം ഒരിക്കൽ പോലും പ്രതിപാദിക്കാത്ത ബജറ്റാണ് കേന്ദ്രം ഇത്തവണ അവതരിപ്പിച്ചത്.
കേരളത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കി അവതരിപ്പിക്കുന്നതിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ പൂർണ പരാജയമാണ്. യുഡിഎഫ് എം പിമാരും അവിടെ എത്തിയാൽ ഇതേ നിലപാടാണെന്നും ഇ പി ജയരാജൻ പറഞ്ഞു.സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. എം പ്രകാശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ജയരാജൻ, കെ പി സഹദേവൻ,എൻ ചന്ദ്രൻ, ടി വി രാജേഷ്, പി പുരുഷോത്തമൻ, വി ശിവദാസൻ , കെ വി സുമേഷ്, പി വി ഗോപിനാഥ്, പനോളി വത്സൻ,എം സുരേന്ദ്രൻ,എൻ സുകന്യ, കെ കെ രത്നകുമാരി തുടങ്ങിയവർ സംബന്ധിച്ചു. കാലത്ത് എട്ടുമണിയോടെ ആരംഭിച്ച ഉപരോധത്തെ തുടർന്ന് ഹെഡ് പോസ്റ്റ് ഓഫീസ് പ്രവർത്തനം പൂർണമായും തടസപ്പെട്ടു. ആയിരങ്ങളാണ് ഇന്നത്തെ ഉപരോധ സമരത്തിൽ പങ്കെടുത്തത്.