മുന്‍നിര മേളകളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകളുമായി ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവല്‍

Happiness Film Festival with films that have won awards at leading festivals

തളിപ്പറമ്പ് : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2026 ഫെബ്രുവരി 21 മുതല്‍ 23 വരെ തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മുന്‍നിര ചലച്ചിത്രമേളകളില്‍ ഉന്നത പുരസ്‌കാരങ്ങള്‍ നേടിയ ഒമ്പത് സമകാലിക ലോകസിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ്, ലോകസിനിമ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം.

കഴിഞ്ഞ വര്‍ഷം ചലച്ചിത്രമേളകളില്‍ പ്രേക്ഷകപ്രീതി നേടിയ മുന്നു ചിത്രങ്ങള്‍ ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. സിറാത്ത്, എ പോയറ്റ്, സെന്റിമെന്റല്‍ വാല്യു എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോക സിനിമാ വിഭാഗത്തില്‍ ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ദ തിങ്‌സ് യു കില്‍, ദ ലവ് ദാറ്റ് റിമെയ്ന്‍സ്, ഡി.ജെ അഹ്‌മത്, റിവര്‍ സ്റ്റോണ്‍, ബീഫ്, പാപ്പ ബുക്ക എന്നിവയാണ് ഇവ. 

കാന്‍ മേളയില്‍ ഗ്രാന്റ് പ്രി നേടിയ ചിത്രമാണ് യോകിം ട്രിയര്‍ സംവിധാനം ചെയ്ത 'സെന്റിമെന്റല്‍ വാല്യു'. മികച്ച ചിത്രം, സംവിധായകന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഒമ്പത് ഓസ്‌കര്‍ നോമിനേഷനുകള്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഒലിവര്‍ ലാക്‌സെയുടെ 'സിറാത്ത്' കാന്‍ ചലച്ചിത്രമേളയില്‍ ജൂറി പ്രൈസ് നേടിയ ചിത്രമാണ്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്‌കര്‍ നോമിനേഷന്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. സ്പാനിഷ് ചിത്രമായ 'എ പോയറ്റ്' കാന്‍മേളയില്‍ അണ്‍സേട്ടന്‍ റിഗാര്‍ഡ് വിഭാഗത്തിലെ ജൂറി പ്രൈസ് നേടിയിട്ടുണ്ട്. ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള സുവര്‍ണ മയൂരം ഇതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഉബൈമര്‍ റിയോസ് നേടുകയുണ്ടായി. സണ്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ പ്രേക്ഷകപുരസ്‌കാരം നേടിയ 'ഡിജെ അഹ്‌മത്' മാസിഡോണിയയിലെ 15കാരനായ ഗ്രാമീണബാലന്റെ കഥ പറയുന്നു. ഷാങ്ഹായ് ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ശ്രീലങ്കന്‍ ചിത്രമാണ് 'റിവര്‍‌സ്റ്റോണ്‍'. 

സണ്‍ഡാന്‍സ് ഫെസ്റ്റിവലിന്റെ മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ദ തിങ്‌സ് യു കില്‍' എന്ന തുര്‍ക്കി ചിത്രം അമ്മയുടെ ദുരൂഹമരണത്തിനെ തുടര്‍ന്ന് പ്രതികാരത്തിന് ഇറങ്ങിത്തിരിക്കുന്ന സര്‍വകലാശാല അധ്യാപകന്റെ കഥയാണ്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ ഒരു കുടുംബത്തിന്റെ അനുഭവങ്ങളാണ് ദ ലവ് ദാറ്റ് റിമെയ്ന്‍സ് എന്ന ഐസ്ലാന്റ് ചിത്രം അവതരിപ്പിക്കുന്നത്. സ്പാനിഷ് ചിത്രമായ ബീഫ് ബാഴ്‌സിലോണിയന്‍ റാപ് സംഗീതരംഗത്ത് ചുവടുറപ്പിക്കാന്‍ വെമ്പുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്നു. ഡോ.ബിജു സംവിധാനം ചെയ്ത 'പാപ്പ ബുക്ക' രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയെയും പാപുവ ന്യൂഗിനിയയെും ബന്ധിപ്പിച്ച കണ്ണികളെക്കുറിച്ചുള്ള ചരിത്രസ്മരണകളെ വീണ്ടെടുക്കുന്നു.
 

Tags