മൈക്രോപ്ലാസ്റ്റിക്കിന്റെ അപകടസാധ്യത കുട്ടികളിലെത്തിക്കുന്നതിനായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ കൈപ്പുസ്തകം പ്രകാശനം ചെയ്തു


കണ്ണൂർ : മൈക്രോപ്ലാസ്റ്റിക്കിന്റെ അപകടസാധ്യതകൾ കുട്ടികളിലെത്തിക്കുന്നതിനായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ കൈപുസ്തകം സ്കൂളുകളിൽ വിതരണം ചെയ്തതായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി ജിഷ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എം.കെ സതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ മണിപ്പാൽ യൂനിവേഴ്സിറ്റിയിലെ ഗവേഷകരും വിദേശ സർവ്വകലാശാലയിലെ വിദഗ്ദ്ധരുമാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി പഠനം നടത്തിയത്.
ബ്ലോക്ക് പരിധിയിലെ ആശാ വർക്കറുമാർ നടത്തിയ ജനകീയ സർവ്വേയിലെ വിവരങ്ങളും കുട്ടികൾക്ക് നൽകുന്ന പഠന റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല പ്ളാസ്റ്റിക്ക് വസ്തുക്കളും മനുഷ്യ ശരീരത്തെ അപകടകരമായി ബാധിക്കുന്നുവെന്ന് കണ്ണൂർ ബ്ളോക്ക് പഞ്ചായത്ത് പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കിണറിലെ നൈലോൺ കയറും അടുക്കളയിലെ പ്ളാസ്റ്റിക്ക് കട്ടിങ്ബോർഡും കിണറു വലയുമൊക്കെ അപകടതരമാണ്.

കേരളത്തിൽ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇങ്ങനെയൊരു റിപ്പോർട്ട് തയ്യാറാക്കിയത്. അടുക്കളയിൽ പാത്രം കഴുകുന്ന സ്ക്രബ്, സ്ത്രീകൾ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്ക്, കിണറിൽ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്ക് വലകൾ തുടങ്ങിയ നിരവധി വസ്തുക്കൾ വഴി പ്ളാസ്റ്റിക്കിൻ്റെ കണങ്ങളായ മൈക്രോ പ്ളാസ്റ്റിക്കുകൾ നദികളിലും കടലിലും കൂടുന്നത് കൊണ്ടു മത്സ്യങ്ങൾ വഴി മനുഷ്യരിലെത്തുന്നതായും റിപ്പോർട്ടിൽ ചുണ്ടിക്കാട്ടുന്നുണ്ടെന്ന് ഡോ. എം.കെ സതീഷ് കുമാർ പറഞ്ഞു.
ബ്ളോക്ക് പഞ്ചായത്ത് തയ്യാറാക്കിയ കൈപ്പുസ്തകം വാർത്താ സമ്മേളനത്തിൽ പ്രകാശനം ചെയ്തു.വൈസ് പ്രസി. അബ്ദുൽ നിസാർ വായി പറമ്പ്,'ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പ്രസീത, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി സീമ കുഞ്ചാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.