കണ്ണൂരിലെ പാതി വില തട്ടിപ്പ് :സിപിഎം നേതാക്കൾക്കും എപിജെ ലൈബ്രറിക്കുമെതിരെ സിറ്റി പൊലിസ് കമ്മീഷണർക്ക് പരാതി


കണ്ണൂർ : പാതി വിലക്ക് സാധന സാമഗ്രികൾ വാഗ്ദാനം ചെയ്ത് സി പി എം നേതാക്കളുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രവർത്തിക്കുന്ന എ.പി.ജെ ലൈബ്രറിയുടെയും ഹാപ്പിനസ് ഫൗണ്ടേഷന്റെയും നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെയും പേരിൽ തട്ടിപ്പ് നടത്തിയിട്ടിട്ടുണ്ടെന്ന ആരോപണം ശക്തമാകുന്നു.
ഈ കാര്യത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഡി സി സി ജനറൽ സെക്രട്ടറി ടി ജയകൃഷ്ണൻ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.സംസ്ഥാനത്തൊട്ടാകെ നടന്ന പാതിവില തട്ടിപ്പിൽ പ്രതികളായ അനന്തു കൃഷ്ണനുമായും ആനന്ദകുമാറുമായും എപിജെ ലൈബ്രറിക്കും ഈ സംഘടനകൾക്കും അടുത്ത ബന്ധമാണുള്ളതെന്നും കണ്ണൂരിൽ സംഘടിപ്പിച്ച പരിപാടികളിൽ ആനന്ദകുമാറും അനന്തു കൃഷ്ണനും പങ്കെടുത്തിരുന്നുവെന്നും ഫോട്ടോ സഹിതം തെളിവുകളുമായാണ് ജയകൃഷ്ണൻ പരാതി നൽകിയിരുന്നത്.

ജില്ലാലൈബ്രറി കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിയായ പി കെ ബൈജുവാണ് എപിജെ ലൈബ്രറി സെക്രട്ടറി. മോട്ടോർ തൊഴിലാളി യുനിയൻ (സിഐടിയു) ജില്ലാ സെക്രട്ടറിയായ കെ ജയരാജനാണ് പ്രസിഡണ്ട്. തലശ്ശേരി ആസാദ് ലൈബ്രറിയുടെ ലൈബ്രേറിയനായ ആഷിയാന അഷറഫ് ജോയിൻ സെക്രട്ടറിയും രാജീവൻ കാട്ടാമ്പള്ളി വൈസ് പ്രസിഡൻ്റുമാണ്. ഐ ആർ പി സി യുടെ സ്ഥാപക ചെയർമാനും സിപിഎം നേതാവുമായ പി എം സാജിദാണ് എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ. ചെമ്പിലോട്ടെ കെ വി തമ്പാൻ, മട്ടന്നൂരിലെ വി പി രേഷ്മ, മാവിലായി യിലെ കെ കെ ഗംഗാധരൻ, എന്നിവരാണ് എൻജിഒ കോൺഫെഡറേഷന്റെ മറ്റു ഭാരവാഹികൾ. ഇവർക്കെതിരെ അന്വേഷണം നടത്തണമെന്നാണ് ടി ജയകൃഷ്ണൻ പരാതി യിൽ പറഞ്ഞിട്ടുള്ളത്
മൂന്ന് വർഷത്തിനിടയിൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ഇരുചക്രവാഹനങ്ങളും തയ്യൽ മെഷീനുകളും ലാപ്ടോപ്പുകൾ നൽകിയിട്ടുണ്ടെന്നാണ് പി കെ ബൈജു പറയുന്നത്. എങ്കിൽ ഇവർക്ക് എവിടെ നിന്നാണ് പാതിവിലക്ക് സാധനങ്ങൾ ലഭ്യമായതെന്നും അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. ആയിരക്കണക്കിന് പേരാണ് എപിജെ ലൈബ്രറിയിൽ അപേക്ഷ നൽകി സാധനങ്ങൾ കിട്ടാതെ കാത്തിരിക്കുന്നതെന്നാണ് ആരോപണം. ആറുമാസത്തിന് ഇടയിൽ വിവിധ ആളുകൾ പണം അടച്ചതിന്റെ രസീതുകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.