പാതി വില തട്ടിപ്പ് : സി.പി.എമ്മുകാരായ പ്രമോട്ടർമാർക്കെതിരെ കേസെടുക്കണമെന്ന് മാർട്ടിൻ ജോർജ്


കണ്ണൂർ : പാതി വിലയ്ക്ക് എസ്. ആർ ഫണ്ടിലൂടെ വനിതകൾക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞു നടത്തിയ കോടികളുടെ തട്ടിപ്പിൽ സിപിഎമ്മുകാരായ പ്രമോട്ടർമാർക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാവണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്.
കണ്ണൂർ ഡി.സി.സി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ കോർഡിനേറ്ററും സി പി എമ്മു കാരനുമായ അമ്പൻ മോഹനന്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വളപട്ടണം പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ തട്ടിപ്പിനിരയായവരെ മൂന്ന് ദിവസമാണ് കേസെടുക്കാതെ മാറ്റി നിർത്തിയത്. കണ്ണൂർ ജില്ലയിലെ പൊലിസിൻ്റെ ഒത്താശയോടെ കേസ് അട്ടിമറിക്കാനുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നത്.
സീഡ് സൊസൈറ്റിയുടെ പൊതുയോഗം കണ്ണൂരിൽ ഉദ്ഘാടനം ചെയ്തത് കെ വി സുമേഷ് എംഎൽഎ യാണ്. പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുത്തത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി കെ പ്രമീളയും കെ സി ജിഷയുമാണെന്ന് മാർട്ടിൻ ജോർജ് ആരോപിച്ചു.പ്രമോർട്ടമാരിൽ പലരും സി പി എം നേതാക്കൻമാരും സഹയാത്രികരുമാണ്. ലൈബ്രറി കൗൺസിൽ നേതാവ് പി കെ ബൈജുവിനും തട്ടിപ്പിൽ പങ്കുണ്ട്. തട്ടിപ്പിൽ പങ്കാളികളായവർക്കെതിരെ മുഖംമൂടികൾ നോക്കാതെ നടപടികൾ സ്വീകരിക്കാൻ ഇനിയെങ്കിലും പൊലിസ് തയ്യാറാവണം.

ഇരയായവർക്ക് നീതി ലഭിക്കാനുള്ള നിയമ സഹായം കോൺഗ്രസ് നൽകും. ഇതിനായി മാർച്ച് പതിനൊന്നിന് വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നിയമ സഹായക്യാമ്പ് നടത്തുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ നേതാക്കളായ ടി ഒ മോഹനൻ, ടി ജയകൃഷ്ണൻ, മനോജ്കുമാർ കൂവേരി, രാഹുൽ കായക്കൽ എന്നിവരും പങ്കെടുത്തു