കണ്ണൂരിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്ന തോക്ക് തെളിവെടുപ്പിനിടെ കണ്ടെത്തി, കുറ്റം സമ്മതിച്ച് പ്രതി ; മരണ കാരണം വെടിയുണ്ട നെഞ്ചിൽ തുളച്ചുകയറിയത്


മാതമംഗലം : കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറും ബി.ജെ.പി പ്രാദേശിക നേതാവുമായ ഇരിക്കൂർ കല്യാട് സ്വദേശി കെ.കെ.രാധാകൃഷ്ണന്റെ (49) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായ സന്തോഷിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. തൊട്ടടുത്ത് രാധാകൃഷ്ണന്റെ ഭാര്യയുടെ അമ്മ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ പിന്‍ഭാഗത്തു നിന്നും വെടിവയ്ക്കാനുപയോഗിച്ച തോക്ക് കണ്ടെടുത്തു.
ബുള്ളറ്റിൻ്റെ അവശിഷ്ടങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച്ച രാവിലെ മുതല്‍ തന്നെ ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും കൊല നടന്ന വീട്ടിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും വെടിവയ്ക്കാനുപയോഗിച്ച തോക്ക് കണ്ടെത്തിയിരുന്നില്ല.
വൈകുന്നേരത്തോടെ പ്രതിയുമായി പരിയാരം പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയായിരുന്നു. സമീപത്തെ വീടിന്റെ പിറകുവശത്ത് സൂക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. സന്തോഷ് തന്നെയാണ് തോക്ക് പൊലീസിനു കാണിച്ചു കൊടുത്തത്.
