റബ്ബർതോട്ടത്തിൽ മഴക്കുഴിയെടുത്ത തൊഴിലാളികൾ കണ്ടത് 'നിധി'; സംഭവം കണ്ണൂരിൽ..

treasure
treasure

കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠപുരത്ത് നിധിയെന്ന് സംശയിക്കുന്ന സ്വർണം, വെള്ളി ശേഖരം കണ്ടെത്തി. ചെങ്ങളായി പരിപ്പായി ഗവ യു പി സ്കൂളിന് സമീപത്തെ പുതിയപുരയിൽ താജുദീന്റെ റബ്ബർ തോട്ടത്തിൽ നിന്നാണ് സ്വർണം, വെള്ളി ശേഖരം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ചെങ്ങളായി പഞ്ചായത്ത് പത്താംവാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ റബർ തോട്ടത്തിൽ മഴക്കുഴി നിർമ്മിക്കുന്നതിനിടയിലാണ് സംഭവം.

nidhi

ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്തപ്പോഴാണ് ഇവ ശ്രദ്ധയിൽപ്പെട്ടത്. പതിനേഴ് മുത്തുമണി, പതിമൂന്ന് സ്വർണ ലോക്കറ്റുകൾ, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങൾ,  പഴയകാലത്തെ അഞ്ചു മോതിരങ്ങൾ , ഒരു സെറ്റ് കമ്മൽ, നിരവധി വെള്ളി നാണയങ്ങൾ, ഭണ്ഡാരം എന്ന് തോന്നിക്കുന്ന ഒരു സാധനം എന്നിവയാണ് ലഭിച്ചത്. ചിതറക്കിടക്കുന്ന നിലയിലായിരുന്നു ആഭരണങ്ങളും നാണയങ്ങളും. 

സംഭവം കണ്ടയുടൻ തൊഴിലാളികൾ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് എസ്.ഐ എം.പി ഷീജുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സ്വർണം, വെള്ളി ശേഖരം കസ്റ്റഡിയിലെടുത്തു. പുരാവസ്‌തുവകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ട്.  

nidhi 1

പുരാവസ്തുവകുപ്പിൻ്റെ പരിശോധനയിൽ മാത്രമേ ഇവ നിധിയാണോയെന്ന് വ്യക്തമാകൂ. എങ്കിലും കണ്ടെടുത്ത സ്വർണാഭരണങ്ങൾക്കും വെള്ളി നാണയങ്ങൾക്കും ഏറെ കാലത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവ ഇന്ന് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും. 
 

Tags