കണ്ണൂർ പനയത്താം പറമ്പിൽ മാലിന്യം തള്ളൽ: രണ്ട് ഹോട്ടൽ ഉടമകൾക്ക് എൻഫോഴ്സ്മെൻ്റ് പിഴയിട്ടു


ചാലോട്: റോഡരികിലെ മാലിന്യം തള്ളലിനെതിരെ പനയത്താം പറമ്പിൽ വ്യാപക പരിശോധന നടത്തി. എൻഫോഴ്സ്മെൻ്റ് പരിശോധനയിൽ ഹോട്ടലുടമകൾക്ക് ഇരുപതിനായിരം പിഴയിട്ടു.അഞ്ചരക്കണ്ടി, കീഴല്ലൂർ പഞ്ചായത്തുകളുടെ അതിർത്തിയായ പനയത്താം പറമ്പിൻ്റെ സമീപപ്രദേശമായ, മൊടക്കണ്ടി മാലിന്യം 'തള്ളൽകേന്ദ്രമായി മാറിയതിനെ തുടർന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ കീഴിലുള്ള ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് വ്യാപകമായ പരിശോധന നടത്തിയത്. രണ്ടുദിവസങ്ങളിലായി നടന്ന പരിശോധനയിൽ മാലിന്യം ചാക്കിൽ കെട്ടി തള്ളിയ രണ്ട് ഹോട്ടലുകൾക്ക് 10000 രൂപ വീതം പിഴ ചുമത്തുകയും തള്ളിയ മാലിന്യം വീണ്ടെടുത്ത് വേർതിരിച്ച് ഹരിത സേനയ്ക്ക് കൈമാറാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു.
കീഴല്ലൂർ പഞ്ചായത്ത് പരിധിയിലുള്ള സ്ഥലത്ത് മാലിന്യം തള്ളിയ കാഞ്ഞിരോടുള്ള ഹോട്ടലിൻ്റെ ഉടമയായ സുഹൈൽ പി.പി ക്കും അഞ്ചരക്കണ്ടി പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളിയ ചക്കരക്കല്ലുള്ള ഹോട്ടലിൻ്റെ ഉടമയായ സുനൂപിനു മാണ് 10000 രൂപ വീതം പിഴ ചുമത്തിയത്. പ്ളാസ്റ്റിക് മാലിന്യങ്ങൾ, ഉപയോഗിച്ച പേപ്പർ കപ്പുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ, ടിഷ്യൂ പേപ്പറുകൾ എന്നിവയാണ് വ്യാപകമായി തള്ളിയതായി കണ്ടെത്തിയത്. മാലിന്യം നിക്ഷേപിച്ച സ്ഥലത്ത് സ്ഥാപന ഉടമകളെ സ്ക്വാഡ് വിളിച്ചു വരുത്തിയാണ് നടപടികൾ സ്വീകരിച്ചത്. തെറ്റ് ബോധ്യപ്പെട്ട രണ്ട് വ്യക്തികളും പിഴ അടച്ചു.

രണ്ട് സ്ഥാപനങ്ങളിലേയും മാലിന്യ സംസ്കരണത്തിനായി ഒരുക്കിയ സൗകര്യങ്ങൾ പരിശോധിച്ച് തുടർ നടപടികളെടുക്കാനും അഞ്ചരക്കണ്ടി, കൂടാളി ഗ്രാമ പഞ്ചായത്തുകൾക് സ്ക്വാഡ് നിർദ്ദേശം നൽകി. ഹോട്ടൽ മാലിന്യം തരം തിരിച്ച് സംസ്കരണത്തിന് നൽകാതെ പ്ളാസ്റ്റിക് ഉൾപ്പെടെയുള്ളവ ഭക്ഷണ അവശിഷ്ടങ്ങളോടൊപ്പം കൂട്ടി കലർത്തി അംഗീകാരമില്ലാത്ത ഏജൻസികൾക്ക് നൽകി വിജന സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നവര്‍ക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെൻ്റ് അധികൃതർ മുന്നറിയിപ്പ് നൽകി.