ഭരണാധികാരിയല്ല ജനങ്ങളാണ് കരുത്തുള്ളവരാകേണ്ടത് : ഗാന്ധിയൻ സംഘടനകൾ

It is the people, not the ruler, who must be the ones with strength: Gandhian organizations


പയ്യന്നൂർ: ജനാധിപത്യത്തിൽ കരുത്തുറ്റ ഭരണാധികാരികളല്ല കരുത്തുള്ള ജനങ്ങളാണ് ഉയർന്നു വരേണ്ടതെന്ന് പ്രമുഖ കവി മാധവൻ പുറച്ചേരി. ഇലക്ഷൻ കമ്മീഷൻ്റെ വിവാദ നടപടികളുമായി ബന്ധപ്പെട്ട് ദേശവ്യാപകമായി നടക്കുന്ന സമരങ്ങൾക്ക് പിന്തുണയുമായി പയ്യന്നൂരിൽ വിവിധ ഗാന്ധിയൻ സംഘടനകൾ സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സണ്ണി പൈകട അദ്ധ്യക്ഷത വഹിച്ചു.

ആരോപണ വിധേയനായ മുഖ്യ തിരത്തെടുപ്പു കമ്മീഷണർ ഗ്യാനേഷ്കുമാർ ആ പദവിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഉടൻ രാജി വയ്ക്കുക, ഇലക്ഷൻ കമ്മീഷൻ്റെ നിയമനാധികാരം പ്രായോഗികമായി സർക്കാരിന് ലഭിക്കുന്ന വിധത്തിലുള്ള 2023 - ലെ നിയമം ഭേദഗതി ചെയ്യുക, പ്രഥമ ദൃഷ്‌ട്യാ നിയമവിരുദ്ധമായ എസ് ഐ ആർ റദ്ദു ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പദയാത്ര. മുതിർന്ന ഗാന്ധി മാർഗ്ഗ പ്രവർത്തകൻ കെ.വി. രാഘവൻ ഏ.കെ. പി. നാരായണന് ദേശീയ പതാക കൈമാറി.കേരള സർവ്വോദയമണ്ഡലം ,ഏകതാ പരിഷത്ത് , ലോഹ്യാ വിചാര വേദി, ഗാന്ധി ദർശൻ സമിതി, മഹാത്മ സുഹൃദ്  വേദി, ഗാന്ധി ദർശൻ വേദി, ഗാന്ധിയൻ കളക്ടീവ് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് പദയാത്രയിൽ പങ്കെടുത്തത്. 

 ക്വിറ്റിന്ത്യാ സമര സ്മാരക ശില്പത്തിനുമുന്നിൽ നിന്നാരംഭിച്ച പദയാത്ര ടൗൺ ചുറ്റി ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ സമാപിച്ചു സമാപന സമ്മേളനത്തിൽ കെ. ഭാസ്കരൻ രാഘവൻകുളങ്ങര, ദിനു മൊട്ടമ്മൽ, കെ.കെ രാജീവ് കുമാർ, എസ്‌ മോഹൻ, പവിത്രൻ തില്ലങ്കേരി, വി.വി.സതി, പി.എം. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
 

Tags