ഗുരു-ഗാന്ധി സമാഗമ ശതാബ്ദി :ഛായ ചിത്രജാഥ പ്രയാണം തുടങ്ങി ഗുരുവിൻ്റെ ദർശനങ്ങൾ ചിലർ തീണ്ടാപാടകലെയാക്കി: ടി.പത്മനാഭൻ
പയ്യന്നൂർ: മനുഷ്യരാശിയുടെ ഏകതക്ക് വേണ്ടിയാണ് ശ്രീ നാരായണ ഗുരു നിലകൊണ്ടതെന്നും, എന്നാൽ ഈ കാലഘട്ടത്തിൽ ഗുരുവിൻ്റെ കാഴ്ചപ്പാടുകളെയാകമാനം തീണ്ടാപാടകലെയാക്കാനാണ് ആ മഹാൻ്റെ പേരിലുള്ള ശ്രീ നാരായണ ധർമ്മസംഘത്തിൻ്റെ തലപ്പത്തിരിക്കുന്നവർ ചെയ്തു കൊണ്ടിരിക്കുന്നതെന്നും പ്രമുഖ എഴുത്തുകാരൻ ടി.പത്മനാഭൻ.മാർച്ച് ആറിന്കൊല്ലത്ത് നടക്കുന്നമഹാത്മജിയുടെയും ശ്രീനാരായണഗുരുദേവന്റെയും സമാഗമ ശതാബ്ദി ആഘോഷ നഗരിയിൽ വെക്കാനുള്ള മഹാത്മജിയുടെയും ശ്രീനാരായണഗുരുദേവന്റെയും ഛായ ചിത്രങ്ങളുമായി അഡ്വ.സജീവ് ജോസഫ് എം.എൽ.എ നയിക്കുന്ന ഛായ ചിത്രജാഥ പ്രയാണം മഹാത്മാഗാന്ധിയുടെയും ശ്രീനാരായണ ഗുരുവിൻ്റെയും പാദസ്പർശം ഏറ്റുവാങ്ങിയ പയ്യന്നൂരിലെ സ്വാമി ആനന്ദ തീർത്ഥ സ്വാമികളുടെ ആത്മാവ് കുടികൊള്ളുന്ന പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിലെ ഗാന്ധി മാവിൻ ചുവട്ടിൽ ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞത് ജാതി ചോദിക്കരുത്, പറയരുത്, ചെത്തരുത്, കുടിക്കരുത്, വിൽക്കരുത് എന്നാണ്. എന്നാൽ ഗുരുവിൻ്റെ ഈ ദർശനങ്ങൾ എല്ലാം കാറ്റിൽ പറത്തി ചെത്തണം, കുടിക്കണം, വിൽക്കണം എന്നായിരിക്കുന്നു ഇന്നത്തെ കാലമെന്നും ടി.പത്മനാഭൻകൂട്ടിച്ചേർത്തു. തൻ്റെ ദർശനങ്ങളിൽ നിന്നും നാട് വഴി തെറ്റി പോകുന്നത് കണ്ട് ദു:ഖിതനായാണ് ഗുരു സമാധി വരിച്ചത്.എല്ലാ മഹാപുരുഷന്മാർക്കും ഇത് അനുഭവപ്പെട്ടിട്ടുണ്ടെന്നും ടി.പത്മനാഭൻ പറഞ്ഞു. പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയമുറ്റത്ത് ഗാന്ധി സ്‌മൃതികൾ തുടിക്കുന്ന ഗാന്ധി മാവും ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ച സ്‌മൃതി മണ്ഡപവും സാക്ഷിയാക്കിയാണ് ശ്രീ നാരായണ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ സജീവ് ജോസഫ് എം.എൽ.എയുടെ ജാഥക്ക് തുടക്കം കുറിച്ചത്.
പയ്യന്നൂരിലെ ആനന്ദതീർഥാശ്രമമുറ്റത്ത് ഗാന്ധിജി നട്ട മാവ് ഇന്നും പടർന്നുപന്തലിച്ചു നിൽക്കുകയാണ്.ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടരി അഡ്വ.സോണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.സുരേശാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.രാജ് മോഹൻ ഉണ്ണിത്താൻ എം.പി, പി.ടി.മാത്യു, എം.പി.ഉണ്ണികൃഷ്ണൻ, എം.കെ.രാജൻ, എ.പി.നാരായണൻ, അഡ്വ.റഷീദ് കവ്വായി, സുരേഷ് ബാബു എളയാവൂർ, രാജീവൻ എളയാവൂർ, അഡ്വ.കെ.ബ്രിജേഷ് കുമാർ, ദാമോദരൻ, കെ.ജയരാജ്, പി.ലളിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ജാഥാ നായകൻ അഡ്വ.സജീവ് ജോസഫ് എം.എൽ.എ മറുപടി പ്രസംഗം നടത്തി
.jpg)


