ആറളം ഫാമിൽ നിന്ന് രണ്ട് കാട്ടാനകളെ കൂടി കാടുകയറ്റി; ദൗത്യം തുടരുമെന്ന് വനം വകുപ്പ്

Two more wild elephants released from Aralam farm; Forest Department says mission will continue

ഇരിട്ടി :മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായുള്ള വനംവകുപ്പിന്റെ 'ഓപ്പറേഷൻ ഗജമുക്തി' ദൗത്യത്തിന്റെ ഭാഗമായി ആറളം ഫാമിൽ നിന്ന് രണ്ട് കാട്ടാനകളെ കൂടി  വനത്തിലേക്ക് തുരത്തി. ആറളം വൈൽഡ് ലൈഫ് വാർഡന്റെയും കൊട്ടിയൂർ റേഞ്ച് ഓഫീസറുടെയും നേതൃത്വത്തിലായിരുന്നു ദൗത്യം.ബുധനാഴ്ച രാവിലെ 8.30ന് ആറളം ഫാം ബ്ലോക്ക് ഏഴിലെ വയനാടൻ കാടിന്റെ ഭാഗത്ത് നിന്നാണ് ഡ്രൈവ് ആരംഭിച്ചത്. ദൗത്യം തുടങ്ങി അധികം വൈകാതെ തന്നെ രണ്ട് കാട്ടാനകളെ സംഘം കണ്ടെത്തി. ഉച്ചയ്ക്ക് മുമ്പായി ഇതിൽ ഒരു ആനയെ ഹെലിപ്പാട് ഭാഗത്തേക്ക് കടത്തിവിടാൻ സാധിച്ചെങ്കിലും രണ്ടാമത്തെ ആന തിരിഞ്ഞുപോയിരുന്നു. തുടർന്ന് ദൗത്യസംഘം തിരച്ചിൽ പുനരാരംഭിക്കുകയും രണ്ട് ആനകളെയും താളിപ്പാറ വഴി കോട്ടപ്പാറ ഫെൻസിങ് കടത്തി ആറളം വന്യജീവി സങ്കേതത്തിലേക്ക്  തുരത്തി.

tRootC1469263">

ദൗത്യത്തിൽ വനംവകുപ്പിലെ വിവിധ സെക്ഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വാച്ചർമാരും ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 30 അംഗങ്ങളാണ് പങ്കെടുത്തത്. കീഴ്പ്പള്ളി, മണത്തണ, തോലമ്പ്ര, ആറളം സെക്ഷനുകളിലെയും ഇരിട്ടി, നരികടവ് സ്റ്റേഷനുകളിലെയും ജീവനക്കാർ ടീമിന്റെ ഭാഗമായി. പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി നാല് വനംവകുപ്പ് വാഹനങ്ങളും പ്രദേശത്ത് വിന്യസിച്ചിരുന്നു.

ജനങ്ങളുടെ സുരക്ഷയ്ക്ക് പൂർണ്ണ മുൻഗണന നൽകിയായിരുന്നു ആനകളെ തുരത്തിയത്. മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനായി ആറളം പഞ്ചായത്തിൽ നിയോഗിച്ചിട്ടുള്ള ലൈസൺ ഓഫീസർമാരുടെ നേതൃത്വത്തിൽ പോലീസ്, പഞ്ചായത്ത്, ടിആർഡിഎം, ആരോഗ്യവകുപ്പ് എന്നിവയെ  ഏകോപിപ്പിച്ചാണ് ദൗത്യം പുരോഗമിച്ചത്. ആറളം സ്കൂൾ, ടിആർഡിഎം മേഖലയിലെ താമസക്കാർ, വിദ്യാർഥികൾ, ഫാം തൊഴിലാളികൾ, യാത്രികർ എന്നിവരുടെ സുരക്ഷ മുൻനിർത്തി ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ലൈസൺ ഓഫീസർമാർ കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അവശേഷിക്കുന്ന കാട്ടാനകളെ കണ്ടെത്തി തുരത്തുന്നതിനായുള്ള ദൗത്യം വ്യാഴാഴ്ച പുനരാരംഭിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

Tags