മട്ടന്നൂരിലെ ക്ഷേത്രോത്സവത്തിലെ പ്രസാദസദ്യയിൽ നിന്നും ഭക്ഷ്യവിഷബാധ: ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
മട്ടന്നൂർ: മട്ടന്നൂരിലെ കണ്ണൂർ അന്താരാഷ്ട്ര വിമാന താവളത്തിനടുത്തെ കാരയിൽ ക്ഷേത്രോത്സവത്തിനിടെ പ്രസാദസദ്യ കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കാര പേരാവൂരിലെ പൂവത്തുംകണ്ടി വിജയനാ(70)ണ് മരിച്ചത്. കണ്ണൂരിലെ എ.കെ ജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
കാര പുതിയേടത്ത് മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ നിന്ന് പ്രസാദസദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 300ലധികം പേരാണ് കണ്ണൂർ,തലശ്ശേരി,മട്ടന്നൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയത്. അഞ്ച്, ആറ് തീയതികളിലായി നടന്ന ഉത്സവത്തിൽ ആറിന് സദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.സദ്യയിലെ പച്ചടിയിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് വിവരം. ഇതിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വയറിളക്കം,പനി,തലവേദന എന്നിവയാണ് ഭക്ഷണം കഴിച്ചവരെ ബാധിച്ചത്. ഏഴിന് ഉച്ച മുതലാണ് ആളുകൾ വ്യാപകമായി ആശുപത്രികളിൽ ചികിത്സ തേടി എത്തിത്തുടങ്ങിയത്.നിരവധി പേർ ഇപ്പോഴും കണ്ണൂരിലെയും മട്ടന്നൂരിലെയും ആശുപത്രികളിൽ ചികിത്സയിലുണ്ട്.ശാന്തയാണ് മരിച്ച വിജയന്റെ ഭാര്യ,സഹോദരങ്ങൾ : പൂവത്തുംകണ്ടി കൗസു,കൃഷ്ണൻ,സഹജൻ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകീട്ട് ഏഴോടെ പൊറോറ നഗരസഭാ ശ്മശാനത്തിൽ സംസ്‌കരിച്ചു.
.jpg)


