കണ്ണൂരിൽ ഉറങ്ങിക്കിടക്കുമ്പോള്‍ യുവതിയുടെ കാതിനുള്ളിൽ പാമ്പ് കയറിയെന്ന പ്രചാരണം തള്ളി ഫയർഫോഴ്സ്

The fire force rejected the campaign that a snake entered the woman's ear while she was sleeping in Kannur
The fire force rejected the campaign that a snake entered the woman's ear while she was sleeping in Kannur

തലശ്ശേരി: ഉറങ്ങിക്കിടക്കുമ്പോള്‍ കാതിനുള്ളിൽ പാമ്പ് കയറി. അതും നമ്മുടെ തലശ്ശേരിയിൽ. ഇങ്ങനെയൊരു തലക്കെട്ടോടുകൂടിയുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണിപ്പോള്‍. തലശ്ശേരി സഹകരണ ആശുപത്രിക്ക് തൊട്ടടുത്ത് ഒരു സ്ത്രീ ഉച്ചയ്ക്ക് കിടന്നുറങ്ങിയപ്പോള്‍ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ പാമ്പ് കയറിയെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ഫയര്‍ഫോഴ്സും വനംവകുപ്പ് ജീവനക്കാരുമടക്കം എത്തിയാണ് പാമ്പിനെ പുറത്തെടുത്തതെന്നും വീഡിയോക്കൊപ്പമുള്ള സന്ദേശത്തിൽ പ്രചരിച്ചിരുന്നു.

എന്നാൽ, അത്തരമൊരു സംഭവം കണ്ണൂരിൽ നടന്നിട്ടില്ലെന്നാണ് ഫയര്‍ഫോഴ്സും വനംവകുപ്പും വ്യക്തമാക്കുന്നത്. മറ്റു പല സ്ഥലങ്ങളുടെ പേരിട്ടും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ്. പലയിടത്തും പല സ്ഥലത്തിന്‍റെയും പേരിലാണ് ഇത്തരം വീഡിയോ പ്രചരിക്കുന്നതെന്ന് മാത്രം.

നേരത്തെ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിച്ചപ്പോള്‍ തന്നെ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഒരു കാരണവശാലും ചെവിക്കുള്ളിൽ പാമ്പിന് കയറാനാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ വ്യാജ വീഡിയോകള്‍ പുറത്തുവരുന്നതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

Tags