ലാപ്ടോപ്പ് ചാർജിങ്ങിനിടെ തീപിടിത്തം ;പയ്യന്നൂരിലെ വീട്ടിലെ ഫർണിച്ചറുകളും മറ്റ് വസ്‌തുക്കളും കത്തിനശിച്ചു

Fire breaks out while a laptop is charging; furniture and other items in a house in Payyannur are destroyed.

പയ്യന്നൂർ: ലാപ് ടോപ്പ് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് തീപിടിച്ചു. പയ്യന്നുർ ശാന്തിഗ്രാമത്തിലെ വി.പി.പ്രസന്നകുമാറിന്റെ 'ഉഷസ്സ്' വീട്ടിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ചാർജ് ചെയ്യുന്നതിനായി സോഫാ സെറ്റിന് മുകളിൽ വെച്ചിരുന്ന ലാപ്ടോപ്പ് അമിതമായി ചൂടായതിനെ തുടർന്നാണ് തീപിടിത്ത മുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ലാപ്ടോപ്പ് ചാർജ് ചെയ്യാൻ വെച്ച് വീടു പൂട്ടി പുറത്തുപോയ വീട്ടുകാർ തിരികെയെത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. തീപിടിത്തത്തിൽ ലാപ്ടോപ്പ്, സോഫാ സെറ്റ്, കസേരകൾ, വാച്ച്, ചുമരിൽ തുക്കിയിരുന്ന ഫോട്ടോകൾ എന്നിവ കത്തിനശിച്ചു.വിവരമറിഞ്ഞ് പയ്യന്നുർ അഗ്നിരക്ഷാനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേത്യത്വത്തിലെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വി.വി.ദയാൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജോബിമോൻ ജോർജ്, യു.കെ.ലിജീഷ്, ബി.കണ്ണൻ, ഹോം ഗാർഡുമാരായ മാത്യൂ ജോർജ്, വി. എൻ. രവീന്ദ്രൻ, എം.വി. ശ്രീകാന്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ സോഫ, കിടക്ക തുടങ്ങിയ തീപിടിക്കാൻ സാധ്യതയുളള പ്രതലങ്ങളിൽ വയ്ക്കരുതെന്ന് ഫയർ ഫോഴ്‌സ് മുന്നറിയിപ്പ് നൽകി.ചാർജിങ്ങിനിടെ ഉപകരണങ്ങൾ അമിതമായി ചൂടാകുന്നില്ലെന്ന് ഉറപ്പുവരുത്തുക.ചാർജ് ചെയ്യുന്നതിനായി വെച്ച് വീടുപുട്ടി പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും ഫയർഫോഴ്‌സ് നിർദ്ദേശിച്ചു.

Tags