മുഷി മീനിൻ്റെ കുത്തേറ്റു കൈപ്പത്തി മുറിച്ചുമാറ്റിയ ക്ഷീര കർഷകന് സാമ്പത്തിക സഹായം നൽകണമെന്ന ആവശ്യം ശക്തമാകുന്നു


തലശേരി: തലശേരി നഗരസഭയിലെ മാടപ്പീടികയിൽ മുഷി മീൻ്റെ കുത്തേറ്റു.കൈപ്പത്തി മുറിച്ചുമാറ്റിയ ക്ഷീര കർഷകനായ യുവാവിന് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ സംഘടനകളാണ് യുവാവിനെ സഹായിക്കാനായി സർക്കാരും കൃഷി വകുപ്പും തയ്യാറാകണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
മാടപ്പീടിക ഗുംട്ടിയിലെ പൈക്കാട്ട്‌കുനിയിൽ ടി രജീഷിന്റെ (38) കൈപ്പത്തിയാണ് മുറിച്ചുമാറ്റേണ്ടി വന്നത് വിരലിനേറ്റ മുറിവിലൂടെ ബാക്ടീരിയ ശരീരത്തിലേക്ക് കടന്ന് ‘ഗ്യാസ് ഗാംഗ്രീൻ’ എന്ന രോഗാവസ്ഥയിലെത്തിയതോടെയാണ് രജീഷിൻ്റെ കൈപ്പത്തി മുറിച്ചു മാറ്റേണ്ടിവന്നത്. കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിലുണ്ടാകുന്ന ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ് എന്ന ബാക്ടീരിയ ശരീരത്തിലേക്ക് കടന്നതാണ് ഇത്തരമൊരു രോഗാവസ്ഥക്ക് കാരണമായതെന്ന് ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു.
കഴിഞ്ഞ ദിവസം കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിന് മീനിൻ്റെ കുത്തേറ്റത്. വേദന കലശലായതോടെ സമീപത്തെ ഡോക്ടറെ കാണിച്ചു. കഠിനമായ വേദനക്കൊപ്പം വിരലിലും കൈപ്പത്തിയിലും കുമിളകൾ രൂപപ്പെട്ടിരുന്നു.തുടർന്ന് വേദന കഠിനമായതോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഗ്യാസ് ഗാംഗ്രീൻ രോഗ ബാധ സ്ഥിരീകരിച്ചത്. ശേഷം ഡോക്ടർമാരുടെ നിർദേശപ്രകാരം ആദ്യം രണ്ട് വിരൽ മുറിച്ചെങ്കിലും മാറ്റമുണ്ടായില്ല. പിന്നാലെ പഴുപ്പ് വ്യാപിക്കാൻ തുടങ്ങിയതോടെയാണ് കൈപ്പത്തി മുറിച്ചുമാറ്റിയത്.
