തളിപ്പറമ്പ് നഗരസഭാ കൗൺസിലിൽ കടുത്ത വാഗ്വാദം: ചെയർപേഴ്സനെതിരെ ഫയൽ വൈകിപ്പിക്കൽ ആരോപണം; സഹപ്രവർത്തകർ ഒറ്റപ്പെടുത്തുന്നുവെന്ന് സെക്രട്ടറി
നഗരത്തിലെ ദേശീയപാതയോരത്ത് ലൈസൻസ് ലഭിച്ച ഒരു സ്ഥാപനത്തിനെതിരെ ഉയർന്ന അനധികൃത നിർമാണ പരാതികളും തുടർന്നുണ്ടായ സംഭങ്ങളും നഗരസഭയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് കൗൺസിലർമാർ ഒന്നടങ്കം
തളിപ്പറമ്പ്: ഫയലുകൾ തീർപ്പാക്കുന്നതിൽ ചെയർപേഴ്സൺ കാലതാമസം വരുത്തുന്നു എന്ന പ്രതിപക്ഷ ആരോപണത്തെച്ചൊല്ലിയും സഹപ്രവർത്തകർ തനിക്കെതിരെ ഒത്തുകളിക്കുന്നു എന്ന സെക്രട്ടറിയുടെ വെളിപ്പെടുത്തലിനെത്തുടർന്നും തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗത്തിൽ കടുത്ത വാഗ്വാദം.അപകടകരമായ മരം മുറിച്ചുമാറ്റാൻ ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ നടപടിയുണ്ടാകാതെ, ഒടുവിൽ മരം പൊട്ടിവീണ് വൻ അപകടം തലനാരിഴയ്ക്ക് ഒഴിവായ സംഭവം കൗൺസിലർ കെ. ലത യോഗത്തിൽ ഉന്നയിച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്.
ഇത്തരം അടിയന്തര സ്വഭാവമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ചെയർപേഴ്സൺ മുൻകൂർ തുക അനുവദിക്കണമെന്ന് ലത ആവശ്യപ്പെട്ടു. ഇതിനെ പിന്തുണച്ച പ്രതിപക്ഷ കൗൺസിലർ ചന്ദ്രബാബു, ചെയർപേഴ്സന്റെ മുന്നിലെത്തുന്ന ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുകയാണെന്നും ഇതാണ് തീരുമാനങ്ങൾ വൈകാൻ കാരണമെന്നും ആരോപിച്ചു.
എന്നാൽ ഈ ആരോപണം ചെയർപേഴ്സൺ ശക്തമായി നിഷേധിച്ചു. വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറയാനുള്ള വേദിയല്ല ഇതെന്നും ഏത് ഫയലാണ് കെട്ടിക്കിടക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട ചെയർപേഴ്സൺ, കൗൺസിലർ ചന്ദ്രബാബു പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ പിന്തുണച്ച് ഭരണപക്ഷ അംഗങ്ങൾ ഒന്നടങ്കം എഴുന്നേറ്റത് വാഗ്വാദത്തിലേക്ക് നയിച്ചു.
നഗരത്തിലെ ദേശീയപാതയോരത്ത് ലൈസൻസ് ലഭിച്ച ഒരു സ്ഥാപനത്തിനെതിരെ ഉയർന്ന അനധികൃത നിർമാണ പരാതികളും തുടർന്നുണ്ടായ സംഭങ്ങളും നഗരസഭയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് കൗൺസിലർമാർ ഒന്നടങ്കം കുറ്റപ്പെടുത്തിയ വിഷയത്തിലും കൗൺസിലിൽ വലിയ ചർച്ച നടന്നു. ഇതിൽ ചെയർപേഴ്സൺ വിശദീകരണം തേടിയപ്പോഴാണ് ആരോഗ്യവിഭാഗത്തിന്റെ നിരുത്തരവാദപരമായ ഇടപെടലുകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സെക്രട്ടറി ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടിന് താൻ പഴി കേൾക്കുകയാണെന്നും സഹപ്രവർത്തകർ തന്നെ ഒറ്റപ്പെടുത്തുകയാണെന്നും സെക്രട്ടറി യോഗത്തിൽ തുറന്നടിച്ചു.
സെക്രട്ടറിയുടെ വെളിപ്പെടുത്തൽ നഗരഭരണം പൂർണമായും കുത്തഴിഞ്ഞിരിക്കുന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് ടി. ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥർ പരസ്പരം പഴിചാരി രക്ഷപ്പെടാൻ നോക്കാതെ വീഴ്ചകൾ പരിഹരിക്കണമെന്നും വകുപ്പ് തലവന്മാർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന്, വിഷയത്തിൽ അടിയന്തരമായി വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകിയ ചെയർപേഴ്സൺ, അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോകാൻ കൗൺസിൽ ഐക്യകണ്ഠമായി തീരുമാനിക്കുന്നതായും അറിയിച്ചു.
കാക്കാത്തോട് നവീകരിച്ചതിനെ തുടർന്ന് പുരയിടത്തിലേക്ക് വഴി നഷ്ടപ്പെട്ടെന്ന പരാതിയിൽ, തോട് ഉയർത്തിയുള്ള നിർമാണം ഒരിടത്തു മാത്രമായി ഒഴിവാക്കാനാകില്ലെന്നതിനാൽ വഴി ലഭ്യമാക്കാനുള്ള മറ്റ് സാധ്യതകൾ പരിശോധിക്കുവാൻ കൗൺസിൽ തീരുമാനിച്ചു. കൂടാതെ, നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഓഫിസുകളിൽ വൈദ്യുതി ദുരുപയോഗം തടയുന്നതിന് ആദ്യം ശ്രദ്ധ ചെലുത്തണമെന്ന കൗൺസിലർ കെ.എം ലത്തീഫിന്റെ നിർദേശം എല്ലാ ഉദ്യോഗസ്ഥരും ഗൗരവത്തോടെ പ്രാവർത്തികമാക്കണമെന്ന് ചെയർപേഴ്സൺ ആവശ്യപ്പെട്ടു.ചെയർപേഴ്സൺ പി.കെ സുബൈർ അധ്യക്ഷനായി. പി.സി നസീർ, കെ.വി മുഹമ്മദ്കുഞ്ഞി, റഫീഖ്, ഫൈസൽ ചെറുകുന്നോൻ, പി.പി ഇസ്മായിൽ, മുഹമ്മദ് ഫിയാസ്, ടി. ബാലകൃഷ്ണൻ, കെ.എം ലത്തീഫ്, നിമിഷ, ഒ.കെ പ്രീത, ധന്യ, പി.വി സുരേഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
.jpg)

