ഫാഷൻ ഗോൾഡ് തട്ടിപ്പ് : മുസ്ലിം ലീഗ് മുൻ നേതാവ് എം സി കമറുദ്ദീൻ റിമാൻഡിൽ

Fashion Gold Scam: Former Muslim League leader MC Kamaruddin remanded
Fashion Gold Scam: Former Muslim League leader MC Kamaruddin remanded

കണ്ണൂർ : വടക്കെ മലബാറിൽ വ്യാപകമായിനടന്ന ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കാസർഗോഡ് ചിത്താരി സ്വദേശികളായ സാബിറ , അഫ്സാന എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്. നിക്ഷേപമായി ഇരുവരിൽ നിന്നും യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 263 പേരുടെ പരാതികളാണ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ അന്നത്തെ ക്രൈം‍ബ്രാഞ്ച് എസ്പി പിപി സദാനന്ദൻ്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. ഇതിൽ 168 കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. നിരവധി കേസുകളിൽ കുറ്റപത്രം ഇതിനോടകം സമർപ്പിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കളടക്കം നേരത്തെ കണ്ടുകെട്ടിയിരുന്നു. സംഭവത്തിൽ നേരത്തെ എംസി കമറുദ്ദീൻ അറസ്റ്റിലാവുകയും 93 ദിവസം ജയിലിൽ കഴിയുകയും ചെയ്തിരുന്നു. കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശിയായ ഇദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു. ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ പ്രതിയായതോടെ പാർട്ടി രാജി ആവശ്യപ്പെടുകയായിരുന്നു. പാർട്ടി ഭാരവാഹിത്വത്തിൽ നിന്നും കമറുദ്ദീനെ നേതൃത്വം നീക്കം ചെയ്തിരുന്നു.

Tags